കോട്ടയം: സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ഇ .ജെ ആഗസ്തി സ്ഥാനം രാജിവെച്ചു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ തേടിയ തീരുമാനം പ്രാദേശികമായി കൈക്കൊണ്ടതാണെന്ന കെ എം മാണിയുടെ വാദം ഇ .ജെ ആഗസ്തി തള്ളി.
കോണ്‍ഗ്രസുമായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ എഴുതി ഒപ്പിട്ട് തയാറാക്കിയ ധാരണയുണ്ടായിരുന്നെന്ന് ഇ.ജെ. അഗസ്തി വ്യക്തമാക്കി. പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയാറായിരുന്നു. എന്നാല്‍ അവസാന നിമിഷം വേണ്ടെന്ന് പറയുകയായിരുന്നു. എന്താണ് കാരണമെന്തെന്ന് അറിയില്ലെന്നും അഗസ്തി പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ ജില്ലാ പ്രസിഡന്റായ താന്‍ അറിഞ്ഞിരുന്നില്ലെന്നും ആഗസ്തി പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ തുടരുമെന്നും കെഎം മാണി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















