കൊച്ചി: ക്രിമിനല്‍ കേസുകളുടെ അന്വേഷണം, വിചാരണ, നഷ്ടപരിഹാരം നിശ്ചയിക്കല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ ഇരകളുടെ നിലപാടിന് മതിയായ പ്രാധാന്യം നല്‍കണമെന്ന് ഹൈക്കോടതി.
കുറ്റവാളിയെ കണ്ടെത്താനും ശിക്ഷിക്കാനുമായി നീതി നിര്‍വഹണ സംവിധാനം എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് അറിയാന്‍ ഇരകള്‍ക്ക് അവകാശമുണ്ടെന്ന് സിംഗിള്‍ബെഞ്ച് വിശദീകരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ വീണു മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ എറണാകുളം വാഴക്കാല സ്വദേശി ടി.ഇ. തോമസും ഭാര്യ വിറോണിയും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്‍ജിക്കാരുടെ മകന് ഡെന്നിസ് തോമസ് 2006 ഫെബ്രുവരി 12 നാണ് കിണറ്റില്‍ വീണു മരിച്ചത്. കിണറിനു മേല്‍ വിരിച്ച ഇരുമ്പു വലയില്‍ തട്ടാതെ ഡെന്നിസ് കിണറ്റില്‍ വീണെന്ന കണ്ടെത്തല്‍ വിശ്വസനീയമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.
മദ്യലഹരിയില്‍ വീണതാണെന്ന് ആരോപണമുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ദുരന്തം നേരിട്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ അന്വേഷണ, വിചാരണ സംവിധാനങ്ങള്‍ക്ക് കഴിയണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
















