തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിച്ച മുന്‍ ആരോഗ്യഡയറക്ടര്‍മാരെ ജയിലിലടയ്‌ക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതി അടിയന്തരറിപ്പോര്‍ട്ട് തേടി. മുന്‍ ആരോഗ്യഡയറക്ടര്‍ ഡോ. വി.കെ. രാജന്‍, മുന്‍ ഡിഎംഒ ഡോ കെ. ഷൈലജ എന്നിവരെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചാണ് വിജിലന്‍സിനോടും ചികിത്സിച്ച ഡോക്ടര്‍മാരോടും ഇന്ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവാക്‌സിന്‍ വാങ്ങി ഒന്നരക്കോടി രൂപയുടെ അഴിമതി നടത്തിയ കേസിലാണ് ചൊവ്വാഴ്‌ച്ച അഞ്ചുവര്‍ഷം തടവിനും 1.4 കോടി രൂപ പിഴയ്‌ക്കും ഇവരെ ശിക്ഷിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന പ്രതികളെ പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ കോടതി ഇന്നലെ രാവിലെ സ്വമേധയാ കേസ് വീണ്ടും പരിഗണിച്ചു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് അഡൈ്വസറോട് നിര്‍ദ്ദേശിച്ചു. അല്‍പസമയത്തിനകം വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ അടിയന്തര റിപ്പോര്‍ട്ട് കോടതിക്ക് നല്‍കി.
ഇരുവരും ജയിലില്‍ പോകാന്‍ മടിച്ച് ചികിത്സ തേടിയതാണോയെന്ന് സംശയമുണ്ടെന്ന റിപ്പോര്‍ട്ടാണ് എസ്പി നല്‍കിയതെന്ന് അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ചികിത്സിച്ച ഡോക്ടര്‍മാരോട് ഇന്ന് ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇരുവരെയും ആദ്യം വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ കോട്ടയ്‌ക്കകം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ പ്രിയങ്ക, മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച ഡോ രാജശേഖരന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഉത്തരവിട്ടത്.
കൂടാതെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ധസംഘം പ്രതികളെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിക്ഷ വിധിച്ചശേഷം ആശുപത്രിയില്‍ അഭയം തേടുന്നതില്‍ കോടതി സ്വമേധയാ കേസെടുത്തത് അപൂര്‍വമാണ്.
















