കോട്ടയം: രാവിലെ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസിന്റെ മനസ്സിലിരുപ്പ് പുറത്താക്കിയത്. അപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. അവസാന നിമിഷമേറ്റ ഇരുട്ടടിയില്‍ നേതാക്കള്‍ക്ക് ഉരിയാടാന്‍പോലും കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും സ്ഥലത്ത് ക്യാമ്പ് ചെയ്ത് നടത്തിയ നീക്കങ്ങളെല്ലാം പാഴ്‌വേലയായി.
അട്ടിമറിയുടെ ആഘാതം കൂടുതല്‍ ഏറ്റത് ഉമ്മന്‍ ചാണ്ടിക്കാണ്. ചാണ്ടിയുടെ വിശ്വസ്തനായ അനുയായി അഡ്വ. സണ്ണി പാമ്പാടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കോട്ടയത്ത് സിപിഎം കൈക്കൊണ്ട സമീപനത്തെ സിപിഐ പിന്തുണച്ചിട്ടില്ലെന്നത് ഇടത് മുന്നണിയിലെ അഭിപ്രായഭിന്നത വ്യക്തമാക്കുന്നു.
ഇതേ പ്രശ്‌നം കേരളാ കോണ്‍ഗ്രസിനകത്തുമുണ്ട്. സിപിഎമ്മുമായുള്ള സഹകരണത്തെക്കുറിച്ച് പാര്‍ട്ടി ഫോറങ്ങളിലൊന്നും ചര്‍ച്ച ചെയ്തില്ലെന്ന ആക്ഷേപം എംഎല്‍എമാരിലുണ്ട്. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി. ജെ. ജോസഫ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരൊക്കെ സിപിഎമ്മുമായുള്ള ബന്ധത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചവരാണ്.
കേരളാ കോണ്‍ഗ്രസിന്റെ പതിവ് ശൈലിയനുസരിച്ചാണെങ്കില്‍ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിനുള്ള സാധ്യതയും തള്ളാനാവില്ല.
ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗവുമായി ചേര്‍ന്ന് സംയുക്ത കര്‍ഷക കൂട്ടായ്‌മ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതു മുതല്‍ മാണിയുടെ മനസ്സ് ഇടതിലേക്കാണെന്ന് സംശയം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളി കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയത്തിനിട നല്‍കാത്ത നീക്കങ്ങളായിരുന്നു മാണി നടത്തിയത്. കോട്ടയത്ത് യുഡിഎഫ് ഭരണം തകിടം മറിക്കാന്‍ ചുക്കാന്‍ പിടിച്ചത് ജോസ് കെ. മാണി എം.പിയാണെന്ന ആക്ഷേപവും കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. കോട്ടയം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ.എം. മാണി, ജോസ് കെ. മാണി എന്നിവരുടെ കോലങ്ങളില്‍ ചെരുപ്പിനടിച്ചശേഷം കത്തിച്ചു.
















