കോട്ടയം: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. കോട്ടയം ഡിസിസി കേരള കോണ്‍ഗ്രസിനെ കുത്തിനോവിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ തകര്‍ത്തത് കോണ്‍ഗ്രസാണെന്നും അവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും കെഎം മാണി പറഞ്ഞു.
കോണ്‍ഗ്രസ് നിരന്തരമായി അപമാനിച്ചു. കോണ്‍ഗ്രസ് രാഷ്‌ട്രീയവഞ്ചനയുടെ ആശാന്മാരാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു. ഇതില്‍ തനിക്കോ ജോസ്.കെ മാണിക്കോ ഒരു പങ്കുമില്ല. അംഗങ്ങള്‍ എടുത്ത തീരുമാനം തള്ളിപ്പറയില്ല. വേദനിച്ച അംഗങ്ങളുടെ തീരുമാനമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പിന്തുണ സ്വീകരിച്ചെന്ന് കരുതി എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതേണ്ട. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ മുന്നണി മാറ്റം ചര്‍ച്ച ചെയ്യൂവെന്നും മാണി വ്യക്തമാക്കി.
കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ വഞ്ചനയാണ് കേരളാ കോണ്‍ഗ്രസ് നടത്തിയതെന്നും കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങി വിജയിച്ച ജോസ്.കെ മാണി എം.പി രാജി വയ്‌ക്കണമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു കെ.എം.മാണി.
















