തിരുവനന്തപുരം: പോലീസ് വകുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നിക്ഷേധിച്ച് ഡിജിപി ടി.പി സെന്‍കുമാര്‍. സര്‍ക്കാര്‍ രേഖകള്‍ താന്‍ ചോര്‍ത്തുകയോ, ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ല. വിവരാവകാശ നിയമപ്രകാരമാണ് താന്‍ മറ്റു ജില്ലകളില്‍ നിന്നും രേഖകള്‍ നേടിയത്. അതുപോലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം എടുത്തതാകാം പലരും ഉപയോഗിച്ചതെന്ന് സെന്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ടി.പി. സെന്‍കുമാര്‍ അറിയിച്ചു. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഇന്നു നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകീട്ടായിരിക്കും മന്ത്രിസഭായോഗം ചേരുക.
സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുമ്പോള്‍, മറ്റു ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ് എന്നിവരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ വ്യക്തത തേടി സുപ്രിംകോടതിയെ സര്‍ക്കാര്‍ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
















