ഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയേറി ഏലം കൃഷിയിറക്കിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ.രാജകുമാരി കളപ്പുരച്ചാല്‍ മൂശാക്കുന്നേല്‍ സേവ്യറിനെയാണ് തൊടുപുഴ സിജെഎം കോടതി ശിക്ഷിച്ചത്. രണ്ട് വകുപ്പുകളിലായി മൂന്നേകാല്‍ വര്‍ഷം തടവും 55,000 രൂപ പിഴയുമാണ് ശിക്ഷ. ഭൂ സംരക്ഷണനിയമ പ്രകാരമുള്ള കേസില്‍ ശിക്ഷ അടുത്ത നാളില്‍ ആദ്യം.
2011 ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം. ആനയിറങ്കലിലുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പാട്ടഭൂമി കൈയേറി രണ്ടരയേക്കറോളം പ്രദേശത്ത് ഏലം കൃഷി നടത്തി. ഈ പ്രദേശത്തുണ്ടായിരുന്ന യൂക്കാലി മരങ്ങള്‍ നശിപ്പിച്ചു.
ഫാക്ടറിയുടെ സോണല്‍ മാനേജര്‍ ശാന്തന്‍പാറ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിഐ ആയിരുന്ന സി.ജെ. ജോണ്‍സണാണ് നിര്‍വഹിച്ചത്.
ഭൂ സംരക്ഷണനിയമം ലംഘിക്കല്‍, യൂക്കാലി മരം നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കേസില്‍ 19 സാക്ഷികളുണ്ടായിരുന്നു.
















