തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെക്കുറിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. 10 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച 113 ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നിഷേധിച്ചത്. ലാവ്‌ലിന്‍, ജിഷ കേസില്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്, തടവുകാരുടെ ശിക്ഷയിളവ് തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മൗനം.
സമ്പൂര്‍ണ ബജറ്റ് സമ്മേളനം തുടങ്ങിയ കഴിഞ്ഞ മാസം 25ന് മുഖ്യമന്ത്രി മറുപടി പറയേണ്ടതായിരുന്നു ചോദ്യങ്ങള്‍. ചട്ടപ്രകാരം 25ന് മറുപടി പറയുന്ന ചോദ്യങ്ങളുടെ ഉത്തരം 24ന് നിയമസഭാ സെക്രട്ടേറിയറ്റിനും 25ന് എംഎല്‍എമാര്‍ക്കും നല്‍കണം. എന്നാല്‍, യാതാരു മറുപടിയും സര്‍ക്കാരില്‍ നിന്നുണ്ടായില്ല.
ലാവ്‌ലിന്‍ കേസിന്റെ നിലവിലെ അവസ്ഥയും കുറ്റവിമുക്തരായവരുടെ പട്ടികയും ആവശ്യപ്പെട്ടുള്ളത്, ജിഷ വധക്കേസില്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ട്, ജേക്കബ് തോമസിനെതിരേയുള്ള ആരോപണങ്ങളില്‍ സ്വീകരിച്ച നടപടി, ജിഷ്ണു പ്രണോയിയുടെ മരണവും മഹിജയ്‌ക്കെതിരേയുള്ള പോലീസ് നടപടിയും, യുഎപിഎ കേസുകള്‍, സെന്‍കുമാറിനെ നീക്കം ചെയ്തുള്ള ഉത്തരവ്, മന്ത്രിമാര്‍ക്കെതിരേയുള്ള കൊലപാതകക്കേസുകള്‍, വിഎസിന്റെ മകനെതിരേയുള്ള അന്വേഷണം, രാഷ്‌ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് 10 ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി മറുപടി നല്‍കാതിരുന്നത്.
ഇത് അംഗങ്ങളുടെ അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആരോപിച്ചു. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവിന്റെ ആരോപണം ഗൗരവകരമാണെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
















