തൊടുപുഴ: ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കെഎസ്ഇബിയുടെ നൂറേക്കറിലധികം ഭൂമി കയ്യേറി ഇഞ്ചിക്കൃഷിയിറക്കിയ കേസില്‍ അന്വേഷണം വഴിമുട്ടി. കയ്യേറ്റ ഭൂമിയുടെ പൂര്‍ണമായ സര്‍വ്വേ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കാത്തതാണ് കാരണം.
കോട്ടയം ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കെഎസ്ഇബി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് 2011ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 97 കയ്യേറ്റങ്ങളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതില്‍ 42 കയ്യേറ്റങ്ങളുടെ സര്‍വ്വേ നടത്തി കുറ്റപത്രം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. ശേഷിക്കുന്ന 55 കയ്യേറ്റങ്ങളുടെ സര്‍വ്വേ രേഖകള്‍ ലഭിക്കാത്തതാണ് പ്രശ്‌നം.
സര്‍വ്വേ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരുമായി ബന്ധം സ്ഥാപിച്ച് രേഖകള്‍ പൂഴ്‌ത്തി വച്ചിരിക്കുകയാണ്. സര്‍വ്വേ ചെലവ് സംബന്ധിച്ച് സര്‍വ്വേ വിഭാഗവും റവന്യൂ വകുപ്പും തമ്മില്‍ ശീതസമരത്തിലാണ്. കയ്യേറ്റം കണ്ടുപിടിക്കാന്‍ ആനയിറങ്കലില്‍ കെഎസ്ഇബിക്കുള്ള മുഴുവന്‍ ഭൂമിയും അളക്കണമെന്നാണ് റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചത്. ഇതിന് 11 ലക്ഷം രൂപ ചെലവ് വരുമെന്ന് സര്‍വ്വേ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. പ്രാഥമികമായി അഞ്ച് ലക്ഷം രൂപ നല്‍കിയതോടെ സര്‍വ്വേ ആരംഭിച്ചു.
ആദ്യഘട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ 42 കയ്യേറ്റങ്ങളുടെ വിവരങ്ങള്‍ നല്‍കി. രണ്ടാം ഘട്ടത്തില്‍ സര്‍വ്വേ നടന്നെങ്കിലും സര്‍വ്വേ രേഖകള്‍ റവന്യൂ വിഭാഗത്തില്‍ ഹാജരാക്കാന്‍ സര്‍വ്വേ വിഭാഗം തയ്യാറായില്ല. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ശേഷിക്കുന്ന പണം നല്‍കൂ എന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ സര്‍വ്വേ വിഭാഗം മറുപടി നല്‍കിയതുമില്ല. ഈ തര്‍ക്കത്തിനിടെ ക്രൈംബ്രാഞ്ചാണ് പഴികേട്ട് മടുക്കുന്നത്. സര്‍വ്വേ രേഖകള്‍ ലഭിച്ചാല്‍ 55 കയ്യേറ്റക്കാര്‍ക്കെതിരെയും ഉടന്‍ നടപടി സ്വീകരിക്കാനാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി ജെ സന്തോഷ്‌കുമാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
















