കൊച്ചി: കേരളത്തിലെ പ്രാദേശിക കമ്മ്യൂണിസ്റ്റ് ചരിത്രരചനയില്‍ സഹകരിക്കാതെ പാര്‍ട്ടിയിലെ പിണറായി വിരുദ്ധര്‍. സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ, പിണറായി പക്ഷം പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് പ്രാദേശിക ചരിത്രരചനയുടെ പേരില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നാണ് വിഎസ്-ബേബി ചേരിയുടെ ആരോപണം.
വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് കേരളത്തിലെ പ്രാദേശിക കമ്മ്യൂണിസ്റ്റ് ചരിത്രം പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. എല്ലാ ജില്ലകളില്‍നിന്നും പ്രാദേശികതലത്തില്‍ വിവരശേഖരം നടത്തി സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കും. അഞ്ച് വാല്യങ്ങളായിട്ടാണ് ഇത് തയ്യാറാക്കുന്നത്. 1200 പേജുള്ള ആദ്യപുസ്തകം നവംബറില്‍ പുറത്തിറക്കും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനാണ് ചുമതല.
ചരിത്രരചനയുടെ ഭാഗമായി ജില്ലാതലത്തിലുള്ള യോഗങ്ങള്‍ കഴിഞ്ഞു. ഡോ. രമാകാന്തന്‍, മുന്‍മേയര്‍ സി.എം. ദിനേശ്മണി, സി. ബി ദേവദര്‍ശന്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലയുടെ ചുമതല. പ്രാദേശിക തലത്തില്‍ ചരിത്രക്കൂട്ടം എന്ന പേരില്‍ പഠനസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ലോക്കല്‍ കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചരിത്രരചനയിലേക്ക് പ്രാദേശിക ഘടകങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ വിവരങ്ങളും ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹുജന സംഘടനകള്‍, വായനശാലകള്‍, കലാസാംസ്‌കാരിക സംഘടനകളുടെ വിവരങ്ങളും ശേഖരിക്കും.
















