കൊച്ചി: കമ്മ്യൂണിസ്റ്റുകളുടെ തത്വവും പ്രവര്‍ത്തനവും ആക്രമണത്തില്‍ അധിഷ്ഠിതമാണെന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ബല്‍ബീര്‍ പുഞ്ച്. ജന്മഭൂമിയുടെ പുതിയ കെട്ടിടം സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിനെ രാജ്യത്തിന്റെ കൊലപാതക തലസ്ഥാനമാക്കി മാറ്റിയ സിപിഎം 270-ല്‍പരം ആര്‍എസ്എസ് പരിവാര്‍ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്, അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ക്ക് ചതിയും വഞ്ചനയും ഭാരത വിരുദ്ധ പ്രവര്‍ത്തനവും മാത്രമാണറിയാവുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി, ചാരപ്രവര്‍ത്തനം നടത്തി ബ്രിട്ടീഷുകാരുടെ പണം പറ്റി. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് സ്വാതന്ത്ര്യമല്ലെന്ന് പ്രഖ്യാപിച്ചു. ഭാരത വിജയത്തില്‍ പാക്കിസ്ഥാന്‍ അനുകൂലികളായിരുന്നു. 1962ല്‍ ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ചൈനയുടെ കൂടെ നിന്നു. ചൈന ആണവപരീക്ഷണം നടത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ അനുകൂലിച്ചു. വാജ്‌പേയ് സര്‍ക്കാര്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ യുദ്ധകൊതിയെന്ന് വിമര്‍ശിച്ചു, ബല്‍ബീര്‍ പുഞ്ച് പറഞ്ഞു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് കമ്മ്യൂണിസ്റ്റുകള്‍ക്ക് നന്ദി പറയണം. ഇന്ത്യയെ തുണ്ടമാക്കുമെന്ന് അവര്‍ മുഴക്കിയ മുദ്രാവാക്ക്യമാണ് വോട്ടര്‍മാര്‍ ബിജെപിയില്‍ രക്ഷതേടാന്‍ ഒരു കാരണം. ഭാരത് മാതാ കീ ജയ് വിളിയും ഭാരതാമ്പയുടെ ചിത്രവും ഉപേക്ഷിച്ചതാണ് കേജ്‌രിവാളിന്റെ പതന കാരണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















