തിരുവനന്തപുരം: കേരളം ഇടതു രാഷ്‌ട്രീയത്തിന് ബദല്‍ തേടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കേരളത്തിന്റെ സാമൂഹിക ജീവിതം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗ്രസിച്ചുകൊണ്ടിരിക്കുന്നു. തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്ന പിണറായി സര്‍ക്കാര്‍ പുതുതായി തെറ്റുകള്‍ കണ്ടെത്തി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിപി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി തുടരുന്ന മൗനം കോടതിയെ അപമാനിക്കുന്നതിനു തുല്യമാണ്. സംസ്ഥാന പോലീസ് മേധാവിക്കു പോലും നീതി ലഭിക്കുന്നില്ലെങ്കില്‍ സാധാരണക്കാരുടെ ഗതിയെന്താകും. അദ്ദേഹം ചോദിച്ചു. മൂന്നാര്‍ സര്‍വകക്ഷിയോഗത്തിലേക്ക് മതസാമുദായിക നേതാക്കളെ വിളിച്ചത് റവന്യു വകുപ്പും സിപിഐയും നടത്തുന്ന കൈയേറ്റമൊഴിപ്പിക്കല്‍ അട്ടിമറിക്കാനാണെന്നും രമേശ് പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, മേഖലാ സംഘടനാ സെക്രട്ടറി പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, ദേശീയ സമിതി അംഗം കരമന ജയന്‍, മുന്‍ ജില്ലാ പ്രസിഡന്റ് വെള്ളാഞ്ചിറ സോമശേഖരന്‍, പാപ്പനംകോട് സജി, തകിടി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















