പൊന്‍കുന്നം: ഇടവിട്ടുള്ള മഴയും കനത്ത ചൂടും മലയോര മേഖലയില്‍ പകര്‍ച്ച വ്യാധി ഭീഷണി വര്‍ദ്ധിപ്പിക്കുന്നു. പനിയും വയറിളക്കവും ഛര്‍ദ്ദിയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ദിവസേന കൂടിവരികയാണ്. വൈറല്‍പനിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെങ്കിലും അമിതക്ഷീണം മാറുന്നില്ലെന്നാണ് രോഗികളുടെ പരാതി.
പ്രദേശമാകെ ഇടവിട്ട് പെയ്യുന്ന മഴയില്‍ റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകളുടെ ശല്യം രൂക്ഷമാണ്. വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്ന കൈതകൃഷിയിടങ്ങളിലും കൊതുകുകള്‍ പെരുകുന്നുണ്ട്. മലയോരമേഖലയായതിനാല്‍ മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ ആദ്യം കണ്ടെത്തുന്നത് കാഞ്ഞിരപ്പള്ളി താലൂക്കിലാണ്.
മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കാനുള്ള ആസൂത്രണം പൂര്‍ത്തിയായതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മിക്ക പഞ്ചായത്തുകളിലും മാലിന്യം നീക്കുന്നതിന് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്‌ളാസ്റ്റിക് നിരോധനം നടപ്പിലാക്കിയ ചിറക്കടവ് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും പ്‌ളാസ്റ്റിക് പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടില്ല.
















