കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സബര്‍ബന്‍ റെയില്‍ കോറിഡോര്‍ പദ്ധതി ത്രിശങ്കുവില്‍. സംസ്ഥാനം പകുതി ചെലവ് വഹിച്ചാല്‍ നടപ്പാക്കാമെന്ന് റെയില്‍വേ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചെലവിന്റെ പകുതി താങ്ങാന്‍ ഖജനാവിന് ശേഷിയില്ല. പുതിയ റെയില്‍വേ പദ്ധതികളുടെ ചെലവ് തുല്യമായി പങ്കിടാമെന്ന് സംസ്ഥാനവും റെയില്‍വേയും ധാരണയില്‍ എത്തിയതായിരുന്നു.
തിരുവനന്തപുരം- ചെങ്ങന്നൂര്‍- ഹരിപ്പാട് വരെയാണ് സബര്‍ബന്‍ കോറിഡോര്‍ . ഇരട്ടപ്പാത യാഥാര്‍ഥ്യമായതിനാല്‍ ഇത് ചങ്ങനാശേരി വരെ നീട്ടണമെന്ന് റെയില്‍വേ യാത്രക്കാരുടെ ആവശ്യം.
2013-ല്‍ ആണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ മുംബൈ റെയില്‍വികാസ് കോര്‍പ്പറേഷനെ സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തി. 3300 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയത്. കേന്ദ്രം പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ റെയില്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നുള്ള വായ്‌പ, നികുതിരഹിത ബോണ്ട്, സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം തുടങ്ങിയവ തുക കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇരട്ടവരിപ്പാതയില്‍ മാറ്റങ്ങള്‍ വരുത്തിയും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയും സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇവയുടെ കോച്ചുകള്‍ക്ക് വീതിയുള്ളതിനാല്‍ പാളങ്ങള്‍ ബലപ്പെടുത്തണം.പ്ലാറ്റ് ഫോമുകള്‍ ഉയര്‍ത്തണം. ഈ നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ അധികൃതര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിരുന്നു. സബര്‍ബന് മാത്രമായി മൂന്നാമത്തെ ലൈനെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു. ഇരട്ടപ്പാതയ്‌ക്ക് ശേഷമുള്ള റെയില്‍വേയുടെ ഭൂമിയിലൂടെ മൂന്നാമത്തെ ലൈന്‍ എന്ന നിര്‍ദ്ദേശമാണ് വന്നത്. സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നതല്ലാതെ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളെ യാത്ര ചെയ്യിക്കാനാണ് സബര്‍ബന്‍ ട്രെയിന്‍. തിരുവനന്തപുരത്തിനും ഹരിപ്പാടിനും ഇടയില്‍ 27 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തത്. മിനിമം നിരക്ക് 10 രൂപയാണ്. കിലോമീറ്ററിന് 80 പൈസ മുതല്‍ രണ്ട് രൂപ വരെയാണ് ടിക്കറ്റ് നിരക്കായി സാധ്യതാപഠന റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
















