ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ ഇറ്റാനഗര്‍ മുനിസിപ്പാലിറ്റിയിലെ 23 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു . മുഖ്യമന്ത്രി പേമ ഖണ്ഡു ,സംസ്ഥാന അദ്ധ്യക്ഷന്‍ തപിര്‍ ഗാവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ അംഗമായത് .
ഇതോടെ മുപ്പത് അംഗ മുനിസിപ്പാലിറ്റിയില്‍ ബിജെപി ഭരണം നേടി. പേമ ഖണ്ഡു നയിക്കുന്ന ബിജെപി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. കൗണ്‍സിലര്‍മാരെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒരുമിച്ച് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും അരുണാചലും വികസന പാതയില്‍ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാനഗറിന്റെ മുഖച്ഛായ മാറ്റാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
















