ആലപ്പുഴ: ചിട്ടിക്കമ്പനിയുടമയുടെ വീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്. ഇതോടെ അറസ്റ്റ് വൈകുകയാണ്. ഇടുക്കി കീരിത്തോട് കുമരംകുന്നേല്‍ കുമാരന്റെ മകന്‍ കെ. കെ. വേണു(54) ഭാര്യ സുമ(50) എന്നിവരാണ് ദാരുണമായി മരിച്ചത്.
ചിട്ടിക്കമ്പനി ഉടമ അമ്പലപ്പുഴ കോമന കൃഷ്ണാലയത്തില്‍ സുരേഷ് ഭക്തവത്സലനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ ആലോചന. ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും ദമ്പതികളുടെ മരണം ആത്മഹത്യയെന്നാണ് ഉറപ്പിക്കുന്നത്.
ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സുരേഷ് തങ്ങളെ തീകൊളുത്തുകയായിരുന്നുവെന്നാണ് ഇവര്‍ മരണമൊഴിയില്‍ പറഞ്ഞത്. എന്നാല്‍ ഇതേ സമയം ഇയാള്‍ വീട്ടിലില്ലായിരുന്നു. മകന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മകന് പൊള്ളലേറ്റതായും പോലീസ് കണ്ടെത്തി. ഇവര്‍ വന്നകാറില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളും പാത്രങ്ങളും കണ്ടെത്തി.
പണം കിട്ടാതെ വന്നാല്‍ സുരേഷിന്റെ വീടിനു മുന്നില്‍ പാചകം ചെയ്ത് പ്രതിഷേധിക്കാനുള്ള തീരുമാനമായാണ് ഇവരെത്തിയതെന്ന് കരുതുന്നു. ഭീഷണിയെന്ന രൂപത്തില്‍ ഇരുവരും ദേഹത്ത് പെട്രോള്‍ ഒഴിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പെട്രോള്‍ കരുതിയ രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പി അമ്പലപ്പുഴയില്‍ നിന്നല്ല, ഇടുക്കിയില്‍ നിന്ന് വാങ്ങിയതാണെന്ന് വ്യക്തമായി. അന്വേഷണത്തില്‍ ഇന്ന് പൂര്‍ണ വ്യക്തതയുണ്ടാകുമെന്ന് സിഐ എം. വിശ്വംഭരന്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ടാണ് ദമ്പതികളെ ചിട്ടിസ്ഥാപന ഉടമയുടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
















