പേയാട്: പഞ്ചായത്ത് സെക്രട്ടറി നിര്‍മാണ ജോലികള്‍ക്കുള്ള പണം നല്‍കാതെ മുങ്ങി. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ റോഡ് നവീകരണം ഉള്‍പ്പടെയുള്ളവ മുടങ്ങി.
മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കേണ്ട പണികളാണ് സെക്രട്ടറി മനഃപ്പൂര്‍വം വീഴ്ച വരുത്തിയതിനാല്‍ മുടങ്ങിയത്. 2016-17 സാമ്പത്തികവര്‍ഷം ഒരുകോടി ഒരുലക്ഷത്തിന്റെ നിര്‍മാണജോലികള്‍ക്കാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. ഇതില്‍ 33 റോഡുകളുടെ ടാറിംഗും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് റോഡ് നവീകരണത്തിനുള്ള ടാര്‍ പഞ്ചായത്ത് സെക്രട്ടറി ഓയില്‍ കമ്പനികളില്‍ നിന്ന് നേരിട്ടെടുത്ത് പണികളുടെ ചുമതലക്കാരായ കണ്‍വീനര്‍മാര്‍ക്ക് നല്‍കണം. ഇതനുസരിച്ച് വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 23 ന് പണം സെക്രട്ടറിയുടെ റ്റിഎസ്ഡി അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ ഈ പണം സെക്രട്ടറി ഓയില്‍ കമ്പനിക്ക് നല്‍കി ടാര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. മാര്‍ച്ച് 31 ന് മുമ്പ് ടാര്‍ വാങ്ങിനല്‍കേണ്ട സെക്രട്ടറി അത് ചെയ്യാതെ ഏപ്രില്‍ ആദ്യ വാരം മുതല്‍ അവധിയിലും പ്രവേശിപ്പിച്ചു. 2017 മെയ് 31 ന് സെക്രട്ടറി സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്.
അവിശ്വാസത്തിലൂടെ പഞ്ചായത്ത് ഭരണസമിതി പുറത്താക്കപ്പെട്ടതിനാല്‍ സെക്രട്ടറിയുടെ തന്നിഷ്ടങ്ങള്‍ ആരാലും ചോദ്യം ചെയ്യപ്പെടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി വിളവൂര്‍ക്കലില്‍ അധികാരത്തില്‍ വന്നു. പ്രസിഡന്റ് വി. അനില്‍കുമാര്‍ പഞ്ചായത്തിലെ നിര്‍മാണ ജോലികള്‍ മുടങ്ങിയതിന്റെ കാരണം തിരക്കിയപ്പോഴാണ് സെക്രട്ടറി ഗുരുതര വീഴ്ച വരുത്തിയ വിവരം നിര്‍വഹണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സെക്രട്ടറി പഞ്ചായത്തിന്റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ ആസൂത്രിതശ്രമം നടത്തിയതായി പ്രസിഡന്റ് ആരോപിച്ചു.
















