തിരൂര്‍: മനുഷ്യന്റെ ചൂഷണത്തിനിരയായി അത്യാസന്നനിലയിലായ നിളയെക്കുറിച്ച് വീണ്ടുവിചാരം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വിവിധ പദ്ധതികള്‍ ഭാരതപ്പുഴ സംരക്ഷണത്തിനായി വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലെത്തുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. മുമ്പ് റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ഭാരതപ്പുഴ സംരക്ഷണപദ്ധതികള്‍ തയാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയാറാക്കിയ ഭാരതപ്പുഴ സംരക്ഷണ കര്‍മപദ്ധതിയും ഫയലുകളില്‍ ഉറങ്ങുകയാണ്. ചില പദ്ധതി പ്രഖ്യാപനങ്ങള്‍ ഫയലുകള്‍പോലും ആകാതെ നീര്‍ക്കുമിളകളായി പരിണമിക്കുകയും ചെയ്യുന്നു. രൂക്ഷമായ മണലൂറ്റും മണല്‍ഖനനവും ഭാരതപ്പുഴയെ ഊഷരഭൂമിയാക്കി മാറ്റിയിട്ട് വര്‍ഷങ്ങള്‍ പലതായി.
ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മുളങ്കൂട്ടങ്ങള്‍, മരങ്ങള്‍ എന്നിവ വച്ചുപിടിപ്പിക്കുക, പുഴ കൈയേറ്റം അളന്നു തിട്ടപ്പെടുപ്പെടുത്തി തിരിച്ചുപിടിക്കുക, കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് സുരക്ഷ ഒരുക്കുക, മണലെടുപ്പ് പൂര്‍ണമായും തടയുക എന്നിവ ഉള്‍പ്പെടുന്ന പദ്ധതിക്ക് നേരത്തെ റവന്യൂവകുപ്പ് രൂപരേഖ തയാറാക്കിയിരുന്നു. എന്നാല്‍ ഇത് കടലാസില്‍ ഒതുങ്ങിപ്പോകുകയാണുണ്ടായത്. മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന ഭാരതപ്പുഴ നൂറുകണക്കിനു ചെറുകിട ജലവിതരണ പദ്ധതികളുടെ കേന്ദ്രം കൂടിയാണ്. എന്നാല്‍ ഭാരതപ്പുഴയിലെ ജലത്തില്‍ അതീവ അപകടകരായിയായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകരമാംവിധം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കക്കൂസ് മാലിന്യങ്ങളും അഴുക്കുചാലുകളും വിവിധ സ്ഥാപനങ്ങളില്‍നിന്ന് പുഴയിലേക്ക് തള്ളുന്ന അഴുക്കുവെള്ളവും ഭാരതപ്പുഴ മലീനീകരണത്തിനു മുഖ്യകാരണങ്ങളാണ്. ഇതിനെല്ലാം പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. നിളക്ക് പുതുജീവനേകണമെന്ന ലക്ഷ്യത്തോടെ നിളാ വിചാരവേദി പോലുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ രണ്ട് മുതല്‍ തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ നിളാവിചാര വേദി സംഘടിപ്പിക്കുന്ന ദേശീയ നദി മഹോത്സവത്തിന്റെ മുഖ്യ അജണ്ട നിളയുടെ സംരക്ഷണമാണ്.
സര്‍ക്കാര്‍തലത്തിലും ആലോചനകള്‍ നടക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള രാജ്യാന്തര ഗ്രീന്‍ ക്ലയ്മെറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവന പദ്ധതിക്ക് അനുമതി നേടുകയാണ് ലക്ഷ്യം. നദീതടത്തിലെ ജൈവ സമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും അതുവഴി അന്തരീക്ഷ താപം കുറയ്ക്കാനുമുള്ള പദ്ധതികള്‍, പുഴയുടെ അതിരുകളുടെ ഹരിതവല്‍ക്കരണം എന്നിവയാണ് പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: