തിരുവനന്തപുരം: പാതയോര മദ്യശാലകള്‍ പൂട്ടിയതോടെ ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്ക്. അഞ്ചരക്കോടി മുതല്‍ ഏഴരക്കോടി വരെ രൂപയാണ് ദിനംപ്രതി കോര്‍പ്പറേഷന് നഷ്ടം. അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നു കാണിച്ച് ബെവ്‌കോ നികുതി വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ എത്രയും വേഗം നടപടി എടുക്കണമെന്നും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള തടസങ്ങള്‍ മാറ്റണമെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 31നുള്ള സുപ്രീംകോടതിയുടെ വിധിയോടെയാണ് ദേശീയപാതയോരത്തെ മദ്യവില്പനശാലകള്‍ പൂട്ടേണ്ടി വന്നത്. ഇത് ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം കുറച്ചു. 2013-14ല്‍ 123.54 കോടിയും 2014-15ല്‍ 151.06 കോടിയുമാണ് കോര്‍പ്പറേഷന്റെ ലാഭം. 2016 ഏപ്രിലില്‍ 15 ദിവസത്തെ വരുമാനം 566.36 കോടിയാണെങ്കില്‍ 2017 ഏപ്രിലില്‍ അത് 490.16 കോടിയായി താഴ്ന്നു. വരുമാനത്തിലുള്ള കുറവ് 76.49 കോടി. മദ്യത്തിനു നികുതിയും വിലയും വര്‍ധിച്ചിട്ടുള്ളതു കണക്കാക്കുമ്പോള്‍ നഷ്ടം ഇനിയും കൂടുമെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോര്‍പ്പറേഷന് ആകെ 270 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. കോടതി വിധിയോടെ ദേശീയപാതയ്‌ക്ക് സമീപമുള്ള മാറ്റേണ്ട ഔട്ട്‌ലെറ്റുകള്‍ 179 എണ്ണമാണ്. 52 ഷോപ്പുകള്‍ മാറ്റിസ്ഥാപിച്ചു. 127 ഷോപ്പുകള്‍ ജനകീയ പ്രക്ഷോഭങ്ങളും പഞ്ചായത്തുകളുടെ സ്‌റ്റോപ്പ് മെമ്മോയും കാരണം പ്രതിസന്ധിയില്‍ തുടരുകയാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ 29 പാതയോര വില്‍പനശാലകളില്‍ 17 എണ്ണം മാറ്റിസ്ഥാപിക്കാനായി. ഉടന്‍ തന്നെ മറ്റുള്ളവയ്‌ക്കും സ്ഥലം കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നു കണ്‍സ്യൂമര്‍ഫെഡ് പറയുന്നു. അതേസമയം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വൈന്‍ഷാപ്പുകളിലെ വരുമാനം ഇരട്ടിയിലധികം കൂടി. മദ്യ ഉപഭോഗം കുറയുന്നില്ലെന്നും സംസ്ഥാനത്ത് ലഭിക്കേണ്ട വരുമാനം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നെന്നുമുള്ള വാദത്തിന് ഇതു ശക്തിപകരുന്നു.
















