കൊച്ചി: എറണാകുളം ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഹൈടെക് സ്‌കൂളാകാന്‍ എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങുന്നു. സ്മാര്‍ട്ട് ക്ലാസ് റൂമിനും ഡിജിറ്റല്‍ ലൈബ്രറിക്കും പുറമെ സ്‌കൂളിന്റെ ഗേറ്റ് കടക്കുമ്പോള്‍ത്തന്നെ കുട്ടികളുടെ ഹാജര്‍രേഖപ്പെടുത്തുന്ന സംവിധാനവും പദ്ധതിയിലുണ്ട്. 12 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തി.
സ്‌കൂളിലെ കെട്ടിടങ്ങള്‍ നിലനിര്‍ത്തി ആധുനിക നിര്‍മ്മാണം നടത്തും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നിലവിലുള്ള 50 ഓളം ക്ലാസ്മുറികളെണ്ണം 82 ആക്കും. കെട്ടിടത്തിന്റെ ഓരോ നിലയിലും ശുചിമുറികള്‍ക്കായി ടവര്‍ ടോയ്‌ലറ്റുണ്ടാക്കും.
സ്‌കൂളിന്റെ നടുമുറ്റം മേല്‍ക്കൂരയിട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയമാക്കും. സുരക്ഷയ്‌ക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളുടെ വിവരം അറിയിക്കാന്‍ രക്ഷിതാക്കളുമായി മൊബൈല്‍ ഫോണ്‍ ബന്ധത്തിന് സാങ്കേതിക സംവിധാനം ഒരുക്കും.
ഡൈനിങ് ഹാള്‍, പാചക സൗകര്യം, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യം, മഴവെള്ള സംഭരണി തുടങ്ങിയവയുമുണ്ടാക്കും. സംസ്ഥാന സര്‍ക്കാറിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍പ്പെടുത്തി അഞ്ചുകോടി രൂപ നല്‍കും. ബാക്കി വേണ്ടിവരുന്നത് എംഎല്‍എ ഫണ്ടില്‍ നിന്നും വിവിധ സ്ഥാപനങ്ങളുടെസ്‌പോണ്‍സര്‍ഷിപ്പും വഴി കണ്ടെത്തും.
















