ചിന്നക്കനാല്‍ (ഇടുക്കി): ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി. സര്‍ക്കാര്‍ ഭൂമി കൈയേറി സ്പിരിറ്റ് ഓഫ് ജീസസ് എന്ന സംഘടന സ്ഥാപിച്ച കൂറ്റന്‍ കുരിശ് തകര്‍ത്തെറിഞ്ഞ റവന്യൂ സംഘം അതിശക്തമായ നീക്കത്തിലൂടെ അന്‍പതേക്കറോളം വസ്തു വീണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ദൗത്യം മണിക്കൂറുകള്‍ നീണ്ടു.
പുലര്‍ച്ചെ നാലരയോടെയാണ് പാപ്പാത്തിച്ചോല ഓപ്പറേഷനായി ദേവികുളം ആര്‍ഡിഒ ഓഫീസില്‍ നിന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പുറപ്പെട്ടത്. ആംബുലന്‍സുകളും വന്‍ പോലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. ആറ് മണിയോടെ പാപ്പാത്തിച്ചോലയുടെ താഴ്ഭാഗത്തെത്തി. ഈ സമയത്ത് ഒരു സംഘമാളുകള്‍ റവന്യൂ സംഘത്തിന്റെ വാഹനം തടഞ്ഞ് കുരിശ് നീക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.
ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും തടയുന്നവരെ ശക്തമായി നേരിടുമെന്നും പോലീസ് അറിയിച്ചതോടെ കൈയേറ്റക്കാര്‍ പിന്‍വാങ്ങി. പാപ്പാത്തിച്ചോലയിലേക്ക് ജീപ്പ് റോഡ് മാത്രമാണുണ്ടായിരുന്നത്. ജെസിബി ഉപയോഗിച്ച് റോഡ് വെട്ടിയാണ് മുന്നേറിയത്.
ഇതിനിടെ മറ്റൊരു ഭാഗത്ത് ഒമ്‌നി വാന്‍ റോഡിലിട്ട് മാര്‍ഗ തടസം സൃഷ്ടിക്കാന്‍ നീക്കം നടത്തിയെങ്കിലും ജെസിബി ഉപയോഗിച്ച് വാഹനം നീക്കി. ഏഴ് മണിയോടെ പാപ്പാത്തിച്ചോലയില്‍ എത്തിയ ദൗത്യ സംഘം കുരിശ് നീക്കാന്‍ തുടങ്ങി. ഭൂസംരക്ഷണ സേനാംഗങ്ങള്‍ കൂടം ഉപയോഗിച്ച് കുരിശടി തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചു. ശ്രമം വിഫലമായതോടെ ജെസിബി ഉപേയാഗിച്ച് മണ്ണ് മാന്തി കുരിശ് നീക്കി.
കുരിശ് സ്ഥാപിച്ച ചിന്നക്കനാല്‍ താവളം ഭാഗത്തെ സര്‍വെ നമ്പര്‍ 34/1ല്‍ അമ്പതേക്കറോളം വസ്തുവാണ് സ്പിരിറ്റ് ഓഫ് ജീസസ് സഭയുടെ അധികാരികള്‍ കൈവശപ്പെടുത്തിയിരുന്നത്. ഈ ഭൂമി വീണ്ടെടുത്തു. കൈയേറ്റ വസ്തുവിലുണ്ടായിരുന്ന ഷെഡ്ഡും നീക്കി. ഉച്ചയ്‌ക്ക് ഒരു മണിയോടെ കൈയേറ്റം ഒഴിപ്പിച്ച് കുരിശിന് ഉപയോഗിച്ച ഉരുക്കുമായി റവന്യൂ സംഘം ചിന്നക്കനാല്‍ വില്ലേജിലെത്തി തൊണ്ടി മുതല്‍ കൈമാറി. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, ജെസിബി, കോണ്‍ക്രീറ്റ് ബ്രേക്കര്‍ എന്നിങ്ങനെയുള്ള സജ്ജീകരണങ്ങള്‍ കരുതിയിരുന്നു.
കുരിശ് നീക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ എത്തുമെന്ന് പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ആംബുലന്‍സിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം വിനിയോഗിച്ചത്. ദേവികുളം സിഐയുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 75 പേര്‍ റവന്യൂ സംഘത്തിന് സംരക്ഷണവുമായി രംഗത്തുണ്ടായിരുന്നു.
















