തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണങ്ങള്‍ തുടരുകയാണെന്നും പിണറായി ആരോപിച്ചു. എകെജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ – ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറല്‍ സംവിധാനം തകര്‍ത്ത് ഏകീകൃത കേന്ദ്രഭരണമാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ രാഷ്‌ട്രീയതാത്പര്യം സംരക്ഷിക്കാനുള്ള ചട്ടുകമായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവര്‍ണറും സര്‍ക്കാരും നല്ല ബന്ധത്തിലാണ്. ആസൂത്രണബോര്‍ഡ് ഇല്ലാതാക്കിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് പറയാനുള്ള വേദി നഷ്ടപ്പെട്ടു, പിണറായി ആരോപിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, പ്രഭാത് പട്‌നായിക് എന്നിവര്‍ പങ്കെടുത്തു.
















