തിരുവനന്തപുരം: കെ.എം. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ വേണ്ടെന്ന് കെപിസിസി നേതൃയോഗം. മാണിയുടെ മടങ്ങിവരവിനെ നിരവധി നേതാക്കള്‍ എതിര്‍ത്തു. പി.ടി. തോമസ് എംഎല്‍എ, ജോസഫ് വാഴയ്‌ക്കന്‍, എം.എം. ജേക്കബ് എന്നിവരാണ് മാണിയുടെ മടങ്ങിവരവിനെ എതിര്‍ത്തത്. എന്നാല്‍ മാണി മടങ്ങിവരണമെന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ മുന്‍ പ്രസ്താവനയെ ആരും പിന്തുണച്ചില്ല.
മാണി ഐക്യമുന്നണിയെയും കോണ്‍ഗ്രസിനെയും നിരന്തരം അപമാനിക്കുന്നു. അങ്ങനെയുള്ള ആളിനെ കൂടെകൂട്ടണമോ എന്ന് ചിന്തിക്കണമെന്നു പി.ടി. തോമസ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എല്ലാ ദിവസവും മാധ്യമങ്ങളിലൂടെ മാണിയെ ക്ഷണിക്കേണ്ട ആവശ്യമിെല്ലന്ന് ജോസഫ് വാഴയ്‌ക്കന്‍ പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി കൂട്ടുചേര്‍ന്നാണ് മത്സരിച്ചത്. ജോസഫ് വാഴയ്‌ക്കന്‍ പറഞ്ഞു. സ്വയം ഇറങ്ങിപ്പോയവരെ പിന്നാലെ ചെന്ന് വിളിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടോ എന്നാലോചിക്കണമെന്നായിരുന്നു എം.എം. ജേക്കബിന്റെ നിലപാട്. എന്നാല്‍ മാണി മടങ്ങിവരണമെന്ന ആവശ്യം ആരും ഉന്നയിച്ചതുമില്ല.
നേരത്തെയും മാണിയെ മടക്കിക്കൊണ്ടുവരുന്നതിനെ പി.ടി. തോമസും ജോസഫ് വാഴയ്‌ക്കനും എം.എം. ജേക്കബും എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയോട് മൃദുസമീപനമാണ് സ്വീകരിച്ചത്.
കേരള കോണ്‍ഗ്രസിനും മാണിക്കും മലപ്പുറം വിജയത്തിന്റെ പങ്കു നല്‍കാന്‍ ഹസ്സന്‍ ശ്രമിച്ചത് മാണിയെ എതിര്‍ക്കുന്ന നേതാക്കളെ ചൊടിപ്പിച്ചു. നേതൃയോഗത്തില്‍ രൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടി വന്നതിനാല്‍ തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ ഹസ്സന്‍ നിലപാടു മാറ്റുകയും ചെയ്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് ഹസ്സന്‍ പറഞ്ഞത്.
















