കണ്ണൂര്‍: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യണം.
ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടി വെക്കുക, മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക, എലി, അണ്ണാന്‍ മുതലായവ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്‌കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക,റബര്‍ തോട്ടങ്ങളിലെ റബര്‍പാല്‍ ശേഖരിക്കുന്നതിനുളള ചിരട്ട, കപ്പ് എന്നിവ കമഴ്‌ത്തിവെക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടു മൂടുകയോ ചാല് കീറി വെള്ളം വറ്റിച്ചുകളയുകയോ ചെയ്യണം. ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവ നിക്ഷേപിക്കുന്നത് നല്ലതാണ്. ഉറങ്ങുന്ന സമയത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡി എം ഒ അറിയിച്ചു.
















