കണ്ണൂര്‍: ഏഴിമല നാവികഅക്കാദമിയിലെ മാലിന്യപ്ലാന്റില്‍ നിന്നും പ്രദേശത്തെ കിണറുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. രാമന്തളിയിലെ വീട്ടുകിണറുകളിലെ മലിനജലവുമായാണ് ജനങ്ങള്‍ മാര്‍ച്ച് നടത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത സമരമുന്നണി അദ്ധ്യക്ഷ മുനീസ അമ്പലത്തറ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സമരം നടത്തുന്നത് അവകാശത്തിന് വേണ്ടിയാണെന്നും അതിനുനേരെ കൊഞ്ഞനം കുത്തരുതെന്നും അവര്‍ പറഞ്ഞു. ശുദ്ധജലത്തിനായി അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്. രാമന്തളിയിലെ വെള്ളത്തില്‍ മാലിന്യമില്ലെന്ന് പറയുന്ന അധികാരികള്‍ പിന്നെന്തിനാണ് അവിടെ ശുദ്ധജലവിതരണം നടത്തുന്നതെന്ന് വ്യക്തമാക്കണം. രാമന്തളിയിലേത് ശുദ്ധജലമാണെങ്കില്‍ അത് ഉപയോഗിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.
കളക്ടറേറ്റ് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറുടെ വസതിക്ക് സമീപത്തുവച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഡോ.ഡി.സുരേന്ദ്രനാഥ്, കെ.കെ.സുരേഷ്, വിനോദ് രാമന്തളി, പി.കെ.നാരായണന്‍, സി.ശശി, കെ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതേസമയം ജന ആരോഗ്യ സംരക്ഷണസമിതി അക്കാദമി പയ്യന്നൂര്‍ ഗേറ്റിന് മുന്നില്‍ നടത്തുന്ന സമരം നാല്‍പ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. ടി.കെ.മനോജ്കുമാറിന്റെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നു.
















