
പയ്യാവൂര്‍: യേശുക്രിസ്തുവിന്റെ മഹത്വപൂര്‍ണമായ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ദേവാലയ അങ്കണങ്ങളെ ജറുസലേം വീഥികളാക്കിക്കൊണ്ട് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. വിനയത്തിന് പുതിയ മാതൃകനല്‍കി കഴുതക്കുട്ടിയുടെ പുറത്ത് കയറി നഗരത്തിലെത്തിയ യേശുവിനെ ഒലിവുമരച്ചില്ലകള്‍ വീശി ഓശാന പാടി ജറുസലേം നിവാസികള്‍ എതിരേറ്റതിന്റെ ഓര്‍മ്മയായാണ് ഓശാനപ്പെരുന്നാള്‍ ആചരിക്കുന്നത്. വൈദീകര്‍ വെഞ്ചരിച്ചു നല്‍കിയ കുരുത്തോലകളുമേന്തി വിശ്വാസികള്‍ ഓശാന … ഓശാന … ദൈവപുത്രന് ഓശാന എന്ന് പാടി ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ ചരിത്രസംഭവത്തിന്റെ ആവര്‍ത്തനമായി. കുരുത്തോല വെഞ്ചരിച്ച് പ്രദക്ഷിണം, പ്രസംഗം, പ്രത്യേക ദിവ്യബലി എന്നിവയാണ് പള്ളികളില്‍ നടന്നത്. കഠിനമായ പ്രായശ്ചിത്തങ്ങള്‍ അനുഷ്ടിച്ചും തീവ്രമായ പ്രാത്ഥനകളില്‍ മുഴുകുകയും വിശുദ്ധവാരം അര്‍ത്ഥവത്താക്കാന്‍ ഭവനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൈസക്കരി ദേവമാതാ ഫൊറോന ദേവാലയത്തിലെ ഓശാന ഞായറാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഡോ.ജോസ് വെട്ടിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
















