കാസര്‍കോട്: സ്ത്രീധനവും ആഡംബരങ്ങളുമില്ലാതെ ഒരേ വേദിയില്‍ 31 പെണ്‍കുട്ടികള്‍ സുമംഗലികളായി. കാസര്‍കോട് ജില്ലയിലെ വാണിയ സമുദായത്തിന്റെ ക്ഷേത്രമായ പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഈ സാമൂഹവിവാഹം നടന്നത്. വധൂവരന്‍മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മംഗളകര്‍മ്മത്തിന് സാക്ഷികളായി. ഉത്തര കേരളത്തിലെ വാണിയ സമുദായത്തിന്റെ പ്രമുഖ ക്ഷേത്രമാണ് കുമ്പളക്കടുത്ത പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ചന്ദ്രഗിരിപ്പുഴയ്‌ക്ക് വടക്ക് കാസര്‍കോട് താലൂക്ക്, കര്‍ണാടകയിലെ മംഗലാപുരം, പുത്തൂര്‍, മടിക്കേരി, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളിലുള്ള സമുദായാംഗങ്ങളുടെ വിവാഹം ഇവിടെ വെച്ചാണ് നടക്കുന്നത്. ഇവിടങ്ങളിലെ വാണിയ സമുദായത്തിലുള്ള പെണ്‍കുട്ടികളെ ചന്ദ്രഗിരിപ്പുഴയ്‌ക്ക് തെക്ക് ഇപ്പോഴും വിവാഹം ചെയ്ത് അയക്കാറ് പതിവില്ല. സാമ്പത്തികമായ ഉച്ചനീചത്വമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും ഒരേ വേദിയില്‍ വിവാഹം നടത്തുന്ന അപൂര്‍വതയ്‌ക്ക് മാതൃകയാണ് ഈ ക്ഷേത്രം. ഇവിടെ വച്ചല്ലാതെ മേല്‍പറഞ്ഞ പ്രദേശങ്ങളിലെ സമുദായാംഗങ്ങള്‍ വിവാഹിതരാകില്ലെന്ന പ്രത്യേകതയുമുണ്ട്. വീട്ടുകാര്‍ക്ക് വധൂവരന്‍മാരെ കണ്ടെത്തുന്ന ചുമതല മാത്രമാണുള്ളത്. സദ്യയും മറ്റും ക്ഷേത്രം തന്നെയാണ് ഒരുക്കുന്നത്. വധൂവരന്‍മാര്‍ കാണിക്കയായി ചെറിയ ഒരു തുക മാത്രമാണ് നല്‍കേണ്ടത്. സ്ത്രീധനം ചോദിക്കാനോ കൊടുക്കാനോ പാടില്ലായെന്നതും ഇവിടത്തെ അലിഖിത നിയമമാണ്. വര്‍ഷത്തിലൊരിക്കല്‍ മീനമാസത്തിലെ പൂരോത്സവത്തോടനുബന്ധിച്ചായിരുന്നു മുമ്പ് വിവാഹം നടന്നിരുന്നത്. പിന്നീട് വധൂവരന്മാരുടെ എണ്ണം വര്‍ധിച്ചതോടെ വര്‍ഷത്തില്‍ രണ്ടു തവണ വിവാഹം നടത്താന്‍ തുടങ്ങി. നിലവില്‍ പൂരം കഴിഞ്ഞതിന്റെ പിറ്റേന്നും, നവംബര്‍ മാസത്തിലും ഇവിടെ വിവാഹം നടക്കുന്നുണ്ട്. സമുദായത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ പന്തല്‍ മംഗല്യചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നു.
















