കൂത്തുപറമ്പ്: സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിവസ്തുനായ എല്‍എസ്ഡിയുമായി കണ്ണവം പോലീസ് പിടികൂടിയ രണ്ടംഗ സംഘത്തെ കൂടുതല്‍ തെളിവെടുപ്പിനായി ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂത്തുപറമ്പ് സിഐ യു.പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാംഗ്ലൂര്‍, മുബൈ തുടങ്ങിയ മഹാ നഗരങ്ങളില്‍ മാത്രം കണ്ടുവരുന്ന ലഹരിവസ്തുവാണ് ലൈസര്‍ജിക് ആക്‌സ്ഡ് ഡൈ എത്തിലാ മൈഡ് എന്ന ലഹരിവസ്തു. കോളേജ് വിദ്യാര്‍ത്ഥികളിലും മറ്റുമാണ് ഇത് ഏറ്റവും കൂടുതല്‍ ചെലവാകുന്നത്. സ്റ്റാമ്പ് രൂപത്തിലുള്ള ഈ ലഹരി വസ്തു നാവില്‍ വെച്ച് അലിച്ചിറക്കുകയാണ് ചെയ്യുന്നത്. 24 മണിക്കൂര്‍ വരെ ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൊയ്യോട് സ്വദേശി ടി.സി.അര്‍ഷാദ്, കെ.വി.ശ്രീരാജ് എന്നിവരെയാണ് കഴിഞ്ഞദിവസം കണ്ണവം പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 270 മില്ലിഗ്രാം തൂക്കം വരുന്ന എല്‍എഡ്ഡി സ്റ്റാമ്പിന്റെ 14 കഷണങ്ങളും 10.540 ഗ്രാം വലിയ കുപ്പികളും 640 മില്ലിഗ്രാം വരുന്ന തരികളുമാണ് പിടികൂടിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അന്വേഷണത്തിനായി പോലീസ് ബാംഗ്ലൂരിലേക്ക് പോകുമെന്നാണ് സൂചന. തമിഴ്‌നാട് സ്വദേശിയായ യുവാവാണ് ലഹരിമരുന്ന് എത്തിചച്ചുകൊടുത്തതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ജില്ലയുടെ പല ഭാഗങ്ങളിലും ഈ സംഘം ഇത്തരം ലഹരി മരുന്ന് വില്‍പ്പന നടത്തിയതായാണ് പോലീസിന് കിട്ടിയ വിവരം. സംസ്ഥാനത്ത് പാതയോര മദ്യശാലകള്‍ക്ക് നിരോധനം വന്നതോടു കൂടി മദ്യം കിട്ടാതായത് മുതലെടുത്ത് പരമാവധി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്റിലാണ്.














