കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയില്‍ ആറു പതിറ്റാണ്ടിനു ശേഷം തുറന്ന സാഡില്‍ഡാം കാണാന്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഉദ്യാനനഗരിയുടെ ആസ്വാദത്തിനപ്പുറം കാനനഭംഗിയും അണക്കെട്ടിന്റെ തനതായ വശ്യ സൗന്ദര്യവുമാസ്വദിക്കാന് വേണ്ടിയാണ് ഉദ്യാനത്തിനകത്തെ സാഡില്‍ഡാമും ഗവര്‍ണര്‍ സ്ട്രീറ്റും 60 പിറന്നാളിനു മുന്നോടിയായി സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ള വലുതും ചെറുതുമായ നിരവധി തുരുത്തുകളും ഉദയ അസ്തമയ സൂര്യന്റെ നയനമനോഹരമായ കാഴ്ചകള്‍ക്കപ്പുറം കാട്ടാനകളുടെ വിഹാരകേന്ദ്രമായ സമീപത്തെ കാടിന്റെ ദൃശ്യചാരുതയും ഇപ്പോള്‍ സാഡില്‍ഡാമിന്റെ അണക്കെട്ടില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും.
വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവും അതീവ സുരക്ഷാ മേഖലയു മായതിനാലാണ് അറുപത് വര്‍ഷത്തോളമായി സാഡില്‍ ഡാമിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം ടൂറിസം വകുപ്പ് നിഷേധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിനു ഭംഗം വരാത്തവിധത്തിലാണ് സാഡില്ഡാമിലേക്കുള്ള പ്രവേശനം അധികൃതര്‍ സജ്ജീകരിച്ചിട്ടുള്ളത്. വനമേഖലയെ പൂര്‍ണ്ണമായും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ദാഹജലത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് ഡാമിലെത്താന്‍ പ്രത്യേകം വഴിയുമൊരുക്കിയിട്ടുണ്ട്.
മലമ്പുഴ ഡാമിന്റെ അണക്കെട്ടില്‍ നിന്നും തുടങ്ങി ഏകദേശം അഞ്ചു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് സാഡില്‍ഡാം.
പടയോട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനു ശേഷം സാഡില്‍ഡാം പരിസരത്തേക്ക് സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും അനുമതിയില്ലായിരുന്നു. സമീപത്തെ ഗവര്‍ണര്‍ സ്ട്രീറ്റും പത്തു വര്‍ഷത്തോളമായി അറ്റകുറ്റ പണികളുടെ പേരില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ സ്ട്രീറ്റിനെ പരിസ്ഥിതി സൗഹാര്ദമേഖലയാക്കി മാറ്റിയിരുന്നു. പ്രകൃതിയുടെ തനതായ രീതിയിലുള്ള കരവിരുതിനു കോട്ടം വരാത്ത തരത്തിലുള്ള നിരവധി ശില്പങ്ങളും സന്ദര്‍ശകരുടെ ആസ്വാദനത്തിനായി മുളകള്‍ കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഗവര്‍ണര്‍ സ്ട്രീറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.
നാല് ഹൈമാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ സ്ട്രീറ്റു മുതല്‍ സാഡില്‍ ഡാം വരെയുള്ള പ്രദേശം വൈദ്യുതാലങ്കാര വിളക്കുകളാല്‍ അലങ്കരിച്ചിട്ടുണ്ടെന്നതിനാല് സന്ധ്യ മയങ്ങുന്നതോടെ സന്ദര്‍ശകര്‍ക്ക് ആസ്വാദന ഭംഗിയും ഏറും. ടൂറിസം പോലീസിന്റെ പട്രോളിംഗിനു പുറമെ അതീവ സുരക്ഷാമേഖലയായ പ്രദേശത്ത് നിരവധി സുരക്ഷാ ജീവനക്കാരെയും സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി ജലസേചനവകുപ്പ് നിയോഗിച്ചിട്ടുണ്ട്. അണക്കെട്ടെന്നതിലുപരി സാഡില്‍ഡാം നൂറിലധികം വിവിധയിനം പക്ഷികളുടെയും ദേശാടനക്കിളികളുടെയും സങ്കേതം കൂടിയാണെന്നാണ് അധികൃതരുടെയും സന്ദര്‍ശകരുടെയും വിലയിരുത്തല്‍. ഉദ്യാനത്തിലേക്ക് റോക്ക് ഗാര്‍ഡനു മുന്നിലൂടെ പ്രവേശിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കുന്നുണ്ട്. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ധ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നുണ്ട്.
ഇന്ത്യയില്‍ ഛണ്ഡിഗഢിലും മലമ്പുഴയിലും മാത്രമാണ് ശിലോദ്യാനമാണുള്ളത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ശിലോദ്യാനമായ മലമ്പുഴയിലെ റോക്ക് ഗാര്ഡന് കണ്ടശേഷം സന്ദര്‍ശകര്‍ക്ക് ഉദ്യാനത്തിനകത്തേക്ക് പ്രവേശിക്കാനായി സമീപത്തുള്ള കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിക്കുന്നതാണ്. പുതിയതായി നിര്‍മ്മിച്ച പ്രവേശന കവാടവും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അറുപതിലെത്തി നില്ക്കുന്ന കേരളത്തിലെ ഉദ്യാനറാണിയില്‍ സന്ദര്‍ശകരുടെ ആസ്വാദക വൃന്ദത്തിനായി നിരവധി പദ്ധതികള്‍ ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. ഇതിലൂടെ വരുമാന വര്‍ദ്ധനവു മാത്രമല്ല കേരളത്തിലെ തന്നെ മികച്ച ടൂറിസം കേന്ദ്രമായി കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രം കൂടിയായ മലമ്പുഴ മാറിയിരിക്കുകയാണ്.
വളളിക്കുടിലും റോസ് ഗാര്‍ഡനും വാച്ച്ടവറും റോക്ക് ഗാര്ഡനുമെന്നു വേണ്ട ആറു പതിറ്റാണ്ടിനുശേഷം സാഡില്‍ഡാം കൂടി തുറന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ഓണം പെരുന്നാള്‍ ദീപാവലി ദിനത്തില്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് സാഡില്‍ഡാം സന്ദര്‍ശിയ്ക്കാന്‍ എത്തിയത്. ദീപാവലി ദിനത്തില്‍ മാത്രം ഉദ്യാനത്തിലെത്തിയ 11300 സന്ദര്‍ശകരിലൂടെ 1,10,000 രൂപയാണ് ടൂറിസം വകുപ്പിന് ലഭിച്ചത്. കഴിഞ്ഞ ദീപാവലി ദിനത്തില്‍ 8,000 പേരാണ് ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തിയതെന്നതിനാല്‍ ഇത്തവണ വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: