കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ തഴയുന്നുവെന്ന് ആരോപിച്ച് യൂത്ത് നേതാക്കള്‍ ഡിസിസി പ്രസിഡന്റിനെ തടഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍പൊട്ടിത്തെറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. മഹേഷ് നേതൃത്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പദവി രാജിവെച്ചതാണ് പുതിയ സംഭവ വികാസം. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ബന്ധപ്പെട്ട നേതാക്കള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു.
സ്വന്തം മണ്ഡലമായ കരുനാഗപ്പള്ളിയില്പോലും സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയില്‍ തന്നെ ഉള്‍പ്പെടുത്താത്തത് യൂത്ത് കോണ്‍ഗ്രസിനോടുള്ള അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹേഷിന്റെ രാജി. കോണ്‍ഗ്രസ് ചെറുപ്പക്കാരെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ആരോപിച്ചിരുന്നു.
പണ്ട് കാലത്ത് കോണ്‍ഗ്രസില്‍ പെട്ടിപിടിക്കുന്നവരുടെ കാലമായിരുന്നെങ്കില്‍ ഇന്ന് കാലം പെട്ടി കൊടുക്കുന്നവര്ക്കാണെന്ന കടുത്ത വിമര്‍ശനവും മഹേഷ് നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നു. കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് നേതാക്കന്മാരായവര് പിന്നാലെ ആരും വരാതിരിക്കാന്‍ പാലം വലിക്കുന്ന കാഴ്ചയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അധികാരം കുത്തകയാക്കി വെച്ചിരിക്കുന്ന നേതാക്കളെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മഹേഷ് ചൂണ്ടിക്കാട്ടി.
ജില്ലാതലസമിതികളില് പോലും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്ത നടപടിയാണ് മഹേഷിന്റെ രാജിക്ക് കാരണമായത്. സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് പറഞ്ഞ് സ്ഥിരം നാടകവേദിക്കാരുടെ പുട്ടുകച്ചവടമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരുടെ അസിസ്റ്റന്റ് മാനേജര്‍മാരുടെ കൈപ്പിടിയിലാണ് ജില്ലാ സമിതികളെന്നും മഹേഷ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്ഥാനാര്‍ത്ഥിമോഹികളുടെ തള്ളിക്കയറ്റവും ഗ്രൂപ്പ്പോരും ഘടക കക്ഷികളുടെ സമ്മര്‍ദവും മൂലം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങുമെത്താത്ത നിലയിലാണ് കോണ്‍ഗ്രസ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സംവരണ സീറ്റുകള്‍ പല നേതാക്കളുടെയും മോഹങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ചില വനിതാ പ്രതിനിധികള്‍ തങ്ങളുടെ വാര്‍ഡുകള്‍ ജനറലായിട്ടും മാറുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇല്ലാതിരുന്ന ആര്‍എസ്പി, ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ക്ക് വീതംവെച്ചതിന് ശേഷം ബാക്കിവരുന്നവ നരച്ച നേതാക്കള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: