തിരുവനന്തപുരം: ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളിലേയ്‌ക്ക് ഒരാള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥി പണം കെട്ടിവെയ്‌ക്കുകയും, സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ എടുക്കുകയും വേണം. വനിതയ്‌ക്കോ പട്ടികജാതിയ്‌ക്കോ പട്ടികവര്‍ഗ്ഗത്തിനോ ആയി സംവരണം ചെയ്തിട്ടുള്ള വാര്‍ഡുകളിലേയ്‌ക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്.
സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രികയില്‍ വയസ്സ് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. സ്ഥാനാര്‍ത്ഥി വേറെ ഏതെങ്കിലും വാര്‍ഡിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ, പ്രസക്ത ഭാഗമോ, പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദ്ദേശപത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മ പരിശോധനാ സമയത്തോ ഹാജരാക്കേണ്ടതുമാണ്. ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ വരണാധികാരി അതിനുള്ള കാരണങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം.
ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. സ്വീകരിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിയ്‌ക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളില്‍ ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതുണ്ട്.
















