തിരുവനന്തപുരം: അജയ്യമെന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കളും അണികളും ഒരുപോലെ അഹങ്കരിച്ചിരുന്ന പാര്‍ട്ടി സംവിധാനമായിരുന്നു സിപിഎമ്മിന് അനന്തപുരിയില്‍. തങ്ങളെ തകര്‍ക്കാന്‍ പോയിട്ട് പോറലേല്‍പ്പിക്കാന്‍ പോലും ശ്രീപദ്മനാഭനടക്കം ഒരുശക്തിക്കും കഴിയില്ലെന്ന് പാര്‍ട്ടിക്കാര്‍ വീമ്പിളക്കിയിരുന്ന കാലം. അക്കാലത്താണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിന്ന് ഇടതുമുന്നണി പുറത്താകുന്നത്. അതിന് കാരണക്കാരായതോ ബിജെപിയുടെ ആറ് കൗണ്‍സിലര്‍മാരും.
കാല്‍നൂറ്റാണ്ടു മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബിജെപി താമര വിരിയിച്ചത് ചരിത്രം. അന്ന് ബിജെപി ആറു വാര്‍ഡുകളില്‍ വിജയിച്ചതു തന്നെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് കിട്ടിയ ആദ്യപ്രഹരമായിരുന്നു. ശ്രീകണ്‌ഠേശ്വരം, പാല്‍ക്കുളങ്ങര, ഫോര്‍ട്ട്, പുത്തന്‍തെരുവ്, ചെന്തിട്ട, പൂജപ്പുര എന്നീ വാര്‍ഡുകളില്‍ യഥാക്രമം എം.എസ്. കുമാര്‍, പി. അശോക് കുമാര്‍, ജി. വെങ്കിട്ടരാമന്‍, എസ്. രാമയ്യര്‍, ജി. മാണിക്യം, രാധമ്മ ശശിധരന്‍ എന്നിവരാണ് വിജയിച്ചത്. എം.എസ്. കുമാര്‍ ശ്രീകണ്‌ഠേശ്വരത്ത് വിജയിച്ചത് എഴുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
കൗണ്‍സിലില്‍ ഇടതുമുന്നണി കേവലഭൂരിപക്ഷത്തിന് അല്‍പ്പം മുകളില്‍ നില്‍ക്കുന്നു. അക്കാലങ്ങളില്‍ ഒരാള്‍ക്ക് ഒരു വര്‍ഷം മാത്രമേ മേയറായിരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആദ്യ മൂന്നുവര്‍ഷങ്ങളില്‍ സിപിഎമ്മിന്റെ ജയന്‍ബാബു, തുടര്‍ന്ന് മാക്‌സ്‌വെല്‍, നെടുങ്കാട് കരുണാകരന്‍നായര്‍ എന്നിവര്‍ മേയറായി. നാലാംവര്‍ഷം പേരൂര്‍ക്കട സദാശിവന്റെ ഭാര്യ ലളിതാ സദാശിവനെ മേയറാക്കാന്‍ സിപിഎം തീരുമാനിച്ചു. പിന്നീട് സ്പീക്കറും മന്ത്രിയുമൊക്കെയായ എം. വിജയകുമാര്‍ അന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും സുശീലന്‍ സിറ്റി സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി എന്തു നിശ്ചയിച്ചാലും തിരുവനന്തപുരത്ത് നടക്കുന്ന കാലം. സംസ്ഥാനഭരണവും ഇടതുമുന്നണിക്ക്. മുഖ്യമന്ത്രിയാകട്ടെ ഇ.കെ. നായനാരും.
പക്ഷേ സിപിഎമ്മിന്റെ അധികാരപ്രമത്തത തകര്‍ക്കണമെന്ന് ബിജെപി സംസ്ഥാന-ജില്ലാ ഘടകങ്ങള്‍ തീരുമാനിച്ചു. സംഘപരിവാര്‍ സംഘടനകളുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ട് ബിജെപിയെ രാഷ്‌ട്രീയമായി ഇല്ലാതാക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയതാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണം. മുതിര്‍ന്ന നേതാവ് സ്റ്റാന്‍ലി സത്യനേശനെ പല പ്രാവശ്യം മേയര്‍ കസേര കാണിച്ച് സിപിഎം ജില്ലാഘടകം കൊതിപ്പിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ ആദ്യ മൂന്നുവര്‍ഷവും അവസാനനിമിഷവും സ്റ്റാന്‍ലി സത്യനേശനെ ഒഴിവാക്കി. തികച്ചും അസംതൃപ്തനായിരുന്ന സ്റ്റാന്‍ലി തന്റെ കസേര മോഹവുമായി നിരാശയില്‍ ഒതുങ്ങിക്കൂടുമ്പോഴാണ് മേയറാകാനുള്ള അവസരം യാദൃശ്ചികമായി ലഭിക്കുന്നത്.
ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി നേതാവായിരുന്ന എം.എസ്. കുമാറിന്റെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കി. സ്റ്റാന്‍ലിയെ മേയറാക്കാന്‍ പിന്തുണയുമായി യുഡിഎഫും രംഗത്തെത്തി. സ്റ്റാന്‍ലിക്ക് പിന്തുണയുമായി കൃഷ്ണന്‍കുട്ടി അടക്കം ആറുപേര്‍ ഇടതുപാളയത്തില്‍ നിന്ന് മുന്നോട്ടുവന്നു. അതിലെ ബാക്കി അഞ്ചുപേര്‍ ആരൊക്കെയായിരുന്നു എന്ന് ഇന്നും അജ്ഞാതം. പാര്‍ട്ടി അന്വേഷണക്കമ്മീഷനെ നിയോഗിച്ചെങ്കിലും സ്റ്റാന്‍ലിക്ക് വോട്ടുചെയ്ത ബാക്കി അഞ്ചുപേരെ കണ്ടെത്താനായില്ല. മേയര്‍ തെരഞ്ഞെടുപ്പിന്റെ അന്ന് ആരുമറിയാതെ സ്റ്റാന്‍ലിയെയും കൃഷ്ണന്‍കുട്ടിയെയും നഗരസഭാ മന്ദിരത്തിന്റെ പുറകിലത്തെ ഗേറ്റിലൂടെ കൗണ്‍സില്‍ ഹാളിലെത്തിച്ചു.
ഇവരെ തട്ടിക്കൊണ്ടുപോകാന്‍ പാര്‍ട്ടി ഏര്‍പ്പാടു ചെയ്ത ഗുണ്ടകള്‍ നഗരസഭാകവാടത്തില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്. രഹസ്യ വോട്ടെടുപ്പ് നടന്നു. ഫലം വന്നപ്പോള്‍ ലളിതാ സദാശിവന്‍ തോറ്റു, സ്റ്റാന്‍ലി ജയിച്ചു. അദ്ദേഹം മേയറും കൃഷ്ണന്‍കുട്ടി ഡെപ്യൂട്ടി മേയറുമായി. അന്നാദ്യമായി തിരുവനന്തപുരത്ത് സിപിഎം മൂക്കുകുത്തി വീണു.
എന്നാല്‍ അങ്ങനെയൊന്നും തോല്‍വി സമ്മതിക്കാന്‍ സിപിഎം തയ്യാറായിരുന്നില്ല. ശ്രീവരാഹം വാര്‍ഡില്‍ നിന്നു ജയിച്ച പ്രേമാനന്ദനെയും കമലേശ്വരത്തു നിന്ന് ജയിച്ച പുന്നശ്ശേരി രാജപ്പനെയും തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഒളിപ്പിച്ച് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. മേയറായിരുന്ന സ്റ്റാന്‍ലിയെയും മറ്റുള്ളവരെയും കൂട്ടി ബിജെപി നേതാക്കള്‍ ജാഥയായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി സമരമാരംഭിച്ചു. മനുഷ്യാവകാശ ധ്വംസനം നടന്നെന്നു കാട്ടി ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് കമ്പി അടിച്ചു. ഇവരെ ആരും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചില്ലെന്നു തെളിയിക്കാന്‍ പാര്‍ട്ടി ഇരുകൗണ്‍സിലര്‍മാരെയും കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഇരുവര്‍ക്കും ധൈര്യം നല്‍കി. ബിജെപിയുടെ അവസരോചിതമായ ഇടപെടല്‍ നിമിത്തം രണ്ടുപേരും കോടതിയില്‍ സത്യംപറഞ്ഞു. തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നേതാക്കള്‍ തടി കേടാക്കാതെ ഭരണസ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് ഊരി.
തൊട്ടടുത്ത വര്‍ഷം എം.പി. പദ്മനാഭന്‍ മേയറും പെരുന്താന്നി വാര്‍ഡില്‍ നിന്ന് ജയിച്ച ശാന്തമ്മ ഡെപ്യൂട്ടി മേയറുമായി. ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ ചെയര്‍മാനായി ബിജെപി നേതാവ് എം.എസ്. കുമാറിനെ തെരഞ്ഞെടുത്തു. പഴയകാല ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഈ അവിസ്മരണീയ ഇടപെടലിനെക്കുറിച്ചോര്‍ത്ത് ഇപ്പോഴും അഭിമാനിക്കുന്നു. ഒപ്പം സിപിഎമ്മിന്റെ അഹങ്കാരത്തിന് ലഭിച്ച കനത്ത പ്രഹരത്തെക്കുറിച്ച് സന്തോഷിക്കുകയും ചെയ്യുന്നു.
















