പൊന്‍കുന്നം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചിറക്കടവ് പഞ്ചായത്തില്‍ മുസ്ലിംലീഗ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കും. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവായ ധാരണയ്ക്ക് വിരുദ്ധമായി ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം പ്രവര്‍ത്തിച്ചതാണ് പിന്തുണ പിന്‍വലിക്കാന്‍ കാരണമെന്ന് നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞതവണ ആകെയുള്ള ഇരുപത് വാര്‍ഡുകളില്‍ രണ്ട് വാര്‍ഡിലാണ് ലീഗ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ യാതൊരു കൂടിയാലോചനയും നടത്താതെ കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
പഞ്ചായത്തിലെ വാര്‍ഡുകള്‍ക്ക് പുറമേ ജില്ലാ ബ്ലോക്ക് ഡിവിഷനുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുള്‍ കരിം മുസ്ലിയാര്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം, കെ.എം. ജിന്ന, എന്‍.എം. ഷെരീഫ്, പി.എസ്. സുലൈമാന്‍, സി.ഐ.റസാഖ്, റ്റി.എ. ഷിഹാബുദ്ദീന്, പി.എസ്. സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















