ഒ.വി. ഉഷ
ഒരുതരം കുലുക്കിക്കുത്തുപോലെയായിരുന്നു വോട്ടര്‍മാര്‍ പണ്ട് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നത്. ഒത്താല്‍ ഒത്തു എന്നപോലെ. ഇന്ന് അതൊക്കെ മാറിയിട്ടുണ്ടെങ്കിലും നല്ലവരെ തെരഞ്ഞെടുക്കാന്‍ കഴിയുന്നത് ഭാഗ്യം പോലിരിക്കും. എവിടെയും അഴിമതിയും പക്ഷപാതവും. മടുത്തു. എന്നിട്ടും എവിടെയൊക്കെയോ ഒരു പ്രതീക്ഷ, സാഹിത്യകാരി ഒ.വി. ഉഷയുടേതാണ് ഈ വാക്കുകള്‍.
പലരും പുതുതായി രംഗത്തുവരുന്നുണ്ട്. അവരുമായി വോട്ടര്‍മാര്‍ക്ക് നേരിട്ടു ബന്ധമുണ്ടാവില്ല. പക്ഷേ വിപുലമായ മാധ്യമ വിനിമയം ഉള്ളതുകൊണ്ട് ആരെക്കുറിച്ചും എന്തും പെട്ടെന്നറിയാന്‍ കഴിയും. പത്രങ്ങളും ചാനലുകളും പ്രാദേശികമായി തരുന്ന വാര്‍ത്തകളിലൂടെ ഈ പുതുമക്കാരെ വോട്ടര്‍ക്ക് അറിയാന്‍ കഴിയും. അങ്ങനെയെങ്കിലും ആരെ വേണമെന്ന് വോട്ടര്‍ക്ക് നിശ്ചയിക്കാം. ഇപ്പോള്‍ എന്തും സുതാര്യമാണ്. വിശേഷിച്ചും തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളുടേത് ഗുണകരമായ സേവനമാണ്.
പ്രവര്‍ത്തനമികവും സ്വഭാവശുദ്ധിയും വേണ്ടതുതന്നെ. സവിശേഷ വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്താലും അധികാരത്തിലെത്താന്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തി ചില സ്ഥാപിതതാല്പര്യങ്ങളുടെ പേരില്‍ ജനവിരുദ്ധരെപ്പോലും സ്ഥാനാര്‍ത്ഥികളാക്കുന്ന പാര്‍ട്ടി നിലപാടുകളുണ്ട്. അതൊക്കെ ഇനിയും എത്രകണ്ട് മുന്നോട്ടുപോകുമെന്നറിയില്ല. ജനങ്ങള്‍ പണ്ടത്തെക്കാളും ബോധവാന്മാരാണ്.
സാധാരണ തെരഞ്ഞെടുപ്പുകാലത്തുണ്ടാകുന്ന ഒച്ചപ്പാടും ബഹളവും തന്നെയാണിപ്പോഴും. ഇതിലൊന്നുമല്ല കാര്യം. നാടിന് മികച്ച സേവനം ചെയ്യുവാന്‍ പറ്റുന്നവരെ നിര്‍ത്തി സമഗ്രമായ മുന്നേറ്റം നടത്താനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്- ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.
















