തൃശൂര്‍: സീറ്റിന് വേണ്ടി മേയറുടെ ഗ്രൂപ്പ് ചാട്ടം, മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് ചാട്ടം, ജനകീയ നേതാവെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിമാറ്റി ജില്ലാ പഞ്ചായത്തിലേക്ക് കെഎസ്യു നേതാവിന്റെ കുതിച്ച് ചാട്ടവും കണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംഭവബഹുലമായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത് പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്.
ഇന്നലെ രാവിലെ എന്നാല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഞെട്ടിച്ച് നിലവിലെ മേയര്‍ രാജന് ജെ.പല്ലന് എ ഗ്രൂപ്പില്‍ നിന്ന് ഐ ഗ്രൂപ്പിലേയ്ക്ക് ചാടിയതോടെയാണ് കോര്പ്പറേഷന് സ്ഥാനര്‍ത്ഥി നിര്‍ണ്ണയം തകിടം മറിഞ്ഞത്. ചെമ്പൂക്കാവ് ഡിവിഷനില്‍ സ്ഥാനമില്ലെന്ന് പറഞ്ഞതോടെ ഐ ഗ്രൂപ്പ് രാജന് പല്ലന്റെ രക്ഷയ്ക്കെത്തി. പള്ളിക്കുളം ഡിവിഷനിലാണ് രാജന് ജെ.പല്ലന് ഐ ഗ്രൂപ്പ് വിട്ട് നല്‍കിയത്. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ എ ഗ്രൂപ്പിന് ലഭിച്ച 17 സീറ്റുകളില്‍ ഗ്രൂപ്പിലെ വടംവലി മൂലമാണ് നിലവിലെ മേയര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജന് ജെ.പല്ലന് ഐ ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. രാജന് പല്ലന്റെ വരവ് ഐഗ്രൂപ്പിനെ ആഹഌദത്തിലാക്കി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പൂങ്കുന്നത്തെ വസതിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായെന്നും വിവരം പുറത്തുവിട്ടു.
എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്, എം.പി.വിന്‍സന്റ്, സി.സി.ശ്രീകുമാര്‍ തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജന് ജെ.പല്ലന് കോര്‍പ്പറേഷനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി ഐ ഗ്രൂപ്പുകാര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ മാത്രമാണ് രാജന് പല്ലന് ഐ ഗ്രൂപ്പില്‍ നിന്നത്. ഉച്ചയ്ക്കു വീണ്ടും ചിത്രം മാറി. മേയറെ തിരിച്ചുകൊണ്ടുവരാന്‍ എ ഗ്രൂപ്പ് കച്ചകെട്ടിയിറങ്ങിയതോടെ മേയര്‍ തിരിച്ചു ചാടി. ചെമ്പൂക്കാവ് ഡിവിഷന് നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാജന് പല്ലന് തിരിച്ചുവന്നത്. ഇതോടെ തങ്ങളെ മോഹിപ്പിച്ച മേയറുടെ രാഷ്ട്രീയ വഞ്ചനക്കെതിരെ ഐഗ്രൂപ്പ് രംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
ഇതിനിടെ ഐ ഗ്രൂപ്പിലെ പത്മജ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കലാപക്കൊടി ഉയര്‍ത്തി. കരുണാകരവിഭാഗത്തെ അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു പത്മജ വേണുഗോപാലിന്റെ വാദം. അഞ്ച് സീറ്റ് പത്മജ ആവശ്യപ്പെട്ടെങ്കിലും രണ്ടു സീറ്റാണ് നല്‍കിയത്. കൂര്‍ക്കഞ്ചേരിയും മണ്ണുത്തിയുമായിരുന്നു ലഭിച്ചത്. എന്നാല്‍ കുരിയച്ചിറയും വേണമെന്ന് പത്മജ വീണ്ടും ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. യൂത്ത് കോണ്‍ഗ്രസിന് തോല്‍ക്കുന്ന സീറ്റാണ് നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷനില്‍ എ ഗ്രൂപ്പ് നേതാവും നാട്ടിക പഞ്ചായത്ത് പ്രസിഡന്റുമായ അനില്‍ പുളിക്കനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഗ്രൂപ്പ് കളിയില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭസുനില് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഇന്ന് സീറ്റ് ലഭിക്കാത്തവര്‍ വിമതരായി രംഗത്ത് വരുമെന്ന് പറഞ്ഞിട്ടുണ്ട്.
















