തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ സംഗമത്തില്‍ പ്രചാരണ രംഗത്തെ അനുഭവങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചു. കുടിവെള്ളമില്ലാതെ വലയുന്നവര്‍, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നവര്‍, മാലിന്യക്കൂമ്പാരത്തിനടുത്ത് മൂക്കുപൊത്തി ജീവിക്കുന്നവര്‍, കുളമായ റോഡിലൂടെ നടക്കാന്‍ വിധിക്കപ്പെട്ടവര്‍, ഇവരെയൊക്കെ കണ്ടപ്പോഴുണ്ടായ വിഷമം സ്ഥാനാര്‍ത്ഥികള്‍ കണ്ഠമിടറി വിശദീകരിച്ചു. ജയിച്ചാല്‍ ഇവര്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ശപഥവും എടുത്തു. പത്രപ്രവര്‍ത്തക യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.
അക്കൂട്ടത്തില്‍ വേറിട്ട ശബ്ദമായിരുന്നു പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശിന്റേത്. കാരണം മറ്റുള്ളവര്‍ സ്ഥാനാര്‍ത്ഥി ആയ ശേഷമാണ് ഈ ദുരിതം കാണുന്നതെങ്കില്‍ രമ്യ ആ ദുരിതമെല്ലാം സ്വയം അനുഭവിക്കുന്നു. വര്‍ഷങ്ങളോളം. മലിനജലം നിറഞ്ഞൊഴുകുന്ന പാര്‍വ്വതി പുത്തനാറിന്റെ കരയില്‍ പുറമ്പോക്ക് ഭൂമിയിലെ കുടിലിലാണ് വീട്. വീടിന്റെ ഒരുവശത്തുകൂടെയുള്ള റോഡാണെങ്കില്‍ കുളംപോലെയും. വീട്ടുവേല ചെയ്ത് അമ്മയ്ക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബം. ശ്രീചിത്രാപുവര്‍ ഹോമില്‍ അഭയം തേടിയ ബാല്യം. ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭാവി ഇന്നും ചോദ്യചിഹ്നം. ഇതെല്ലാമാണ് രമ്യാരമേശ്. രമ്യക്ക് ഒരു ദൃഢനിശ്ചയമുണ്ട്, താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മറ്റാര്‍ക്കും ഉണ്ടകാതിരിക്കാന് കഴിയുന്നതു ചെയ്യണം.
കോസ്മോ പോളിറ്റന്‍ ഹോസ്പിറ്റലിനു സമീപത്തു കൂടി കടന്നുപോകുന്ന കേദാരം റോഡിന് അരികിലുള്ള പുറമ്പോക്കു ഭൂമിയില്‍ ആണ് രമ്യ ജനിച്ചത്. റോഡിനും തോടിനും ഇടയില്‍ കഷ്ടിച്ച് ആറടി വീതിയില്‍ പുറമ്പോക്കിലെ കുടില്‍. കുട്ടിക്കാലം മുതല്‍ കഷ്ടപ്പാടും ദുരിതവും എന്തെന്ന് അറിഞ്ഞും അനുഭവിച്ചുമാണ് വളര്‍ന്നത്. രമ്യക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അച്ഛന് രമേശ് മരിച്ചു. ഒരു വയസ്സ് ഇളയവനാണ് അനുജന് രതീഷ്. അമ്മ വീടുകളില്‍ വീട്ടുജോലി ചെയ്താണ് പഠിപ്പിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ കുമാരപുരം സ്കൂളില്‍. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ശ്രീചിത്രാ പുവര്‍ഹോമില്‍ അഭയം തേടി. ഹൈസ്കൂള്‍ പഠനം ഫോര്‍ട്ട് ഹൈസ്കൂളിലും, പ്ലസ് ടു കമലേശ്വരം സ്കൂളിലുമായി പൂര്‍ത്തിയാക്കി. രാഷ്ട്രഭാഷയായ ഹിന്ദിയോടുള്ള അതിയായ താല്പര്യമുണ്ടായിരുന്നു. ഡിഗ്രി വിഷയം ഹിന്ദി ആയിരുന്നു. ബിഎയും എംഎയും യൂണിവേഴ്സിറ്റി കോളേജിലും ബിഎഡ് നെടുമങ്ങാട് മഞ്ച കോളേജിലും. മിക്കവാറും മഴ സമയത്ത് വീട്ടില്‍ വെള്ളം കയറുകയും പുസ്തകങ്ങളും മറ്റും നഷ്ടപ്പെടുകയും ചെയ്തു. അധ്യാപക അധ്യാപികമാര്‍ പഠനോപകരണങ്ങളും സാമ്പത്തികവും നല്കി സഹായിച്ചു.
ഗുരുക്കന്മാരുടെയും നല്ലവരായ നാട്ടുകാരുടെയും സഹായവും പ്രോത്സാഹനവും ആണ് ഇതുവരെയുള്ള ജീവിത വിജയത്തിന്റെ ഒരു പ്രധാന ഘടകമെന്ന് പറയുന്നു രമ്യ തെരഞ്ഞെടുപ്പിലും ഇതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച് ഇതുവരെ എത്തിയ എനിക്ക് നാട്ടുകാരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുവാനും അവയ്ക്ക് പരിഹാരം കാണുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാനുള്ള ഒരു മനസ്സുമുണ്ട്. വിജയം ഉറപ്പെന്നു പറഞ്ഞ രമ്യ തന്റെ നിലപാട് വ്യക്തമാക്കി.
മഴക്കാലത്ത് കുടിലില്‍ വെള്ളം കയറുമ്പോള്‍ രമ്യയും അമ്മയും സഹോദരനുമൊക്കെ വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയരുകില്‍ വെച്ച് നില്ക്കുന്ന കാഴ്ച കണ്ടവരാണ് പട്ടത്തെ സമ്മതിദായകര്‍. ആ സാഹചര്യത്തിലും പഠിച്ചു മിടുക്കു കാട്ടിയ കുട്ടിയെന്ന സഹതാപവും രമ്യയോടുണ്ട്. നിലവിലെ അനുകൂല സാഹടര്യത്തിനൊപ്പം ഇതുകൂടിയാകുമ്പോള്‍ വിജയം ഉറപ്പെന്നാണ് ബിജെപി കരുതുന്നത്. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും വാര്‍ഡിനു പുറത്തുള്ളവരാണെന്നതും രമ്യയ്ക്ക് തുണയാണ്. നിലവില്‍ കോണ്‍ഗ്രസ്സിലെ സിറ്റിങ് വാര്‍ഡായ പട്ടത്ത് കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളതും ബിജെപിക്ക് വിജയ സാധ്യത കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: