ആലപ്പുഴ: എന്തിനും ഏതിലും രാഷ്ട്രീയ അതിപ്രസരമുള്ള ആലപ്പുഴയിലെ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ മുന്നണികള്‍ക്കു തലവേദനയായി മാറിയിരിക്കുകയാണ് റിബലുകളുടെ സാന്നിദ്ധ്യം. വിപ്ലവഭൂമി എന്നറിയപ്പെടുന്ന വയലാറില്‍ ഇടതുപക്ഷവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലത്തില്‍ കോണ്‍ഗ്രസും റിബലുകള്‍ മൂലം വലയുന്ന കാഴ്ചയാണുള്ളത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിപോലും തള്ളിയാണ് റിബലുകള്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. പതിവുപോലെ യുഡിഎഫിനും കോണ്‍ഗ്രസിനുമാണ് റിബല്‍ ശല്യം കൂടുതലുള്ളത്. ഇതിനകം എഴുപത്തഞ്ചോളം പേരെയാണ് കോണ്‍ഗ്രസ് റിബലുകളെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ മുന്‍കാലങ്ങളിലേതുപോലെ മാസങ്ങള്‍ക്കകം തങ്ങള്‍ക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് റിബലുകള്ക്കുള്ളത്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട മുതുകുളം പഞ്ചായത്തിലെ പത്തു വാര്‍ഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും എ വിഭാഗം കോണ്‍ഗ്രസുകാര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്.
മന്ത്രി ചെന്നിത്തലയുടെ താക്കീതിനെപ്പോലും തൃണവദ്ഗണിച്ചാണ് ഇവിടെ വിമതര്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുന്നത്. സീറ്റുനിര്ണയത്തില് എഗ്രൂപ്പുകാരെ വെട്ടിനിരത്തിയതില്‍ പ്രതിഷേധിച്ചാണ് വിമതര്‍ മത്സരരംഗത്തെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബലുകളായി മത്സരിച്ച പലരും ഇത്തവണ ഔദ്യോഗിക ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
കായംകുളം നഗരസഭയില്‍ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എ. ജബ്ബാര്‍ ഔദ്യോഗിക സ്ഥനാര്‍ത്ഥി നവാസ് മുണ്ടകത്തിനെതിരെ വിമതനായി മത്സരരംഗത്തുണ്ട്. കായംകുളത്തെ നിലവിലെ ചെയര്‍പേഴ്സണും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജശ്രീ കോമളത്ത് റിബലായി മത്സരരംഗത്തെത്തിയിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ വധഭീഷണി മുഴക്കിയ സാഹചര്യത്തില്‍ അവര്‍ ബിജെപിയില്‍ ചേരുകയും നിലവില്‍ ബിജെപി മുന്നണിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമാണ്. ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് റിബല്‍ ശല്യമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും എ ഗ്രൂപ്പുകാരാണെന്നതാണ് ശ്രദ്ധേയം. കൂടാതെ ജെഎസ്എസും ചില സ്ഥലങ്ങളില്‍ യുഡിഎഫിന് എതിരായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
വയലാറും മാരാരിക്കുളവും അടക്കമുള്ള പ്രദേശങ്ങളില്‍ എല്‍ഡിഎഫും വിമത ഭീഷണി നേരിടുന്നു. വയലാറില്‍ ചിലരെ ഭീഷണിപ്പെടുത്തി സിപിഎമ്മും സിപിഐയും മത്സരംഗത്തുനിന്ന് പിന്മാറ്റിയെങ്കിലും പതിനൊന്നാം വാര്‍ഡിലെ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നമാണെന്നതാണ് പ്രത്യേകത.
മത്സരച്ചൂട് ഉയരുമ്പോള്‍ പലയിടങ്ങളിലും വിമതരുടെ പോരാട്ടവും മുന്നണി സ്ഥാനാര്‍ത്ഥികളെ ഒരേപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: