കൊച്ചി: ഇത് കേട്ടാലറിയാം, രാഷ്ട്രീയ പ്രസംഗമാണെന്ന്. മൈക്ക് കിട്ടിയാല്‍ തിന്ന് കളയുമെന്നാണ് ചിലരുടെ ഭാവം. ‘ഊന്നിയൂന്നി’പ്പറയുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്ത് അവരങ്ങനെ കത്തിക്കയറും. ഇതൊക്കെ പണ്ട് മുതലേ രാഷ്ട്രീയക്കുപ്പായമിട്ട് നടക്കുന്നവരുടെ കാര്യം. ഗതികേട് കൊണ്ട് സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നാലോ. നാലാളെ കാണുമ്പോള്‍ മുട്ടിടിക്കുന്നവരാണെങ്കിലും പ്രസംഗിക്കാതെ തരമില്ല. അപ്പോള്‍ പഠിക്കുക തന്നെ.
ഒരുവിധം പ്രസംഗ കളരികളെല്ലാം സ്ഥാനാര്‍ത്ഥികളെക്കൊണ്ട് ഹൗസ്ഫുള്ളാണിപ്പോള്. ചക്കരപ്പറമ്പിലെ ലീഡേഴ്സ് അക്കാദമിയില്‍ മുപ്പതിലേറെ സ്ഥാനാര്‍ത്ഥികളാണ് പരിശീലനം നേടുന്നത്. പാര്ട്ടിക്കാര് തപ്പിപ്പിടിച്ച് നിര്‍ത്തിയ വനിതാ സ്ഥാനാര്‍ത്ഥികളാണ് ‘വിദ്യാര്‍ത്ഥികളില്‍’ ഏറെയും. ഭയം മാറ്റിയെടുക്കുകയാണ് ആദ്യഘട്ടം. പിന്നീട് പ്രാഥമിക കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കും. തുടര്‍ന്ന് വിഷയം നല്‍കുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രസംഗിച്ച് തുടങ്ങും. ഏതാനും ചില ക്ലാസ്സുകള്‍ക്കുള്ളില്‍ പ്രസംഗം പഠിച്ചെടുക്കുന്നുണ്ടെന്ന് ലീഡേഴ്സ് അക്കാദമി ചീഫ് ഫാക്കല്‍ട്ടി കാര്‍ത്തിക് കൃഷ്ണന് പറയുന്നു. ”പറയാന്‍ ഒരുപാടുണ്ട്. എന്നാല്‍ മനസ്സിലുള്ളത് പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കുന്നില്ല”. ഒരു സ്ഥാനാര്‍ത്ഥി പ്രസംഗം പഠിക്കാനെത്തിയതിനെ കുറിച്ച് പ്രതികരിച്ചതിങ്ങനെ. പേരു പറയരുതെന്ന് പ്രത്യേക നിര്‍ദ്ദേശം. പ്രസംഗത്തിന് പിന്നിലെ രഹസ്യം വോട്ടര്‍ അറിയരുതല്ലോ!
നമ്മുടെ നേതാക്കന്മാരുടെ പ്രസംഗം എങ്ങനെ? കാര്‍ത്തിക് കൃഷ്ണന്റെ വിലയിരുത്തലുകളില്‍ ചിലത് ഇങ്ങനെ:
പൊതുവെ വി.എസ് നല്ല പ്രാസംഗികനാണെന്ന് പറയാറുണ്ട്. എന്നാല്‍ അപ്പോഴത്തെ കയ്യടിക്ക് വേണ്ടി ബുദ്ധിശൂന്യമായി സംസാരിക്കുന്ന നേതാവാണ് വി.എസ്. വീരേന്ദ്രകുമാറിന്റെ പ്രസംഗത്തില്‍ ആഴവും പരപ്പുമുണ്ടെങ്കിലും ആവശ്യത്തിലേറെ മുഴക്കമുള്ള ശബ്ദം ആസ്വാദനത്തെ മുറിപ്പെടുത്തുന്നു.
മദനി മികച്ച പ്രാസംഗികനാണ്. അതിന്റെ വില കേരളത്തിന് നല്‍കേണ്ടിയും വന്നു. മതവിഷയങ്ങളില്‍ സമദാനിയുടെ പ്രസംഗം നല്ലത്. രാഷ്ട്രീയ വിഷയത്തില്‍ പോര. പിണറായി വിജയന്റെ ഭാഷ കമാന്ററുടേത്.
പൊതുജനങ്ങളോട് സംവദിക്കുന്നതില്‍ പിന്നില്‍. എസ്. രാമചന്ദ്രന് പിള്ള ശരീരഭാഷ എന്തെന്നറിയാത്ത രാഷ്ട്രീയക്കാരന്. ശോഭ സുരേന്ദ്രന്റേത് ഊര്‍ജ്ജ്വസ്വലമായ പ്രസംഗം. നന്നായി ഗൃഹപാഠം ചെയ്ത് ആശയങ്ങള്‍ വ്യക്തമാക്കുന്ന പ്രസംഗം എം.ടി. രമേശിന്റേത്. മോദിയെപ്പോലെ പ്രസംഗിക്കാനാണ് പലര്‍ക്കും ആഗ്രഹം. സാധാരണ രാഷ്ട്രീയക്കാരുടേത് പോലെ മോദിയുടെ പ്രസംഗത്തില്‍ പ്രതീക്ഷയല്ല, ലക്ഷ്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: