മലപ്പുറം: ഒരു വോട്ടിന് ഇത്രയും വിലയുണ്ടെന്ന് അറിയില്ലായിരുന്നു. ഇത് പറയുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒരു പ്രവാസിയാണ്. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകുന്നില്ലെയെന്ന് സംഘടനാ നേതാക്കള്‍ ചോദിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാനുള്ള ടിക്കറ്റ് എത്തിച്ചതും നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ചതും പാര്‍ട്ടിക്കാരാണ്.
ഗള്‍ഫില്‍ നിന്ന് പോന്നപ്പോള്‍ തങ്ങളുടെ പെട്ടികളില്‍ പാര്‍ട്ടിയുടെ ചിഹ്നം ഒട്ടിച്ചാണ് വിട്ടത്. നാട്ടിലെത്തി കഴിഞ്ഞിട്ടും ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്യുകയെന്ന ചോദ്യത്തിന് ഇതാണ് മറുപടി. പണം മുടക്കി ഞങ്ങളെ കൊണ്ടുവന്നവര്‍ക്ക് തന്നെ ചെയ്യണം, നന്ദികേട് കാണിച്ചാല്‍ രാഷ്ട്രീയക്കാരും ഞങ്ങളും ഒരുപോലെ ആകില്ലേ.
ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ മുസ്ലിം ലീഗിന്റെ സംഘടനകള്‍ക്കാണ് സ്വാധീനം. കെഎംസിസി, പ്രവാസി ലീഗ് തുടങ്ങിയ സംഘടനകളാണ് വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കുന്നത്. മലപ്പുറത്ത് കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ മത്സരിക്കുന്നതിനാല്‍ ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. എത്ര പണം മുടക്കിയിട്ടായാലും ജയിച്ചേ മതിയാവൂയെന്ന വാശിയിലാണ് ലീഗ്.
അഞ്ചാം തീയതി പോളിംഗ് തീരുന്നതിന് മുമ്പ് പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാനാണ് പരിപാടി. പക്ഷേ എല്ലാവര്ക്കും പാര്‍ട്ടിയുടെ ചെലവില്‍ നാട്ടിലെത്താമെന്ന് കരുതിയാല്‍ അത് നടക്കില്ല. കാരണം ലീഗ് ജയിക്കുമെന്ന് ഉറപ്പുള്ള വാര്‍ഡിലെ താമസക്കാരനായ പ്രവാസിയെ ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നില്ല. പക്ഷേ ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ടറാണെങ്കില്‍ ടിക്കറ്റ് ഉറപ്പിക്കാം. ലീഗിന്റെ ഗള്‍ഫ് ഘടകം ഇതിനായി മാസങ്ങള്‍ക്ക് മുമ്പേ കണക്കെടുപ്പും വാര്‍ഡ് തിരിച്ചുള്ള പട്ടിക തയ്യാറാക്കലും തുടങ്ങിയിരുന്നു.
യുഡിഎഫ് സംവിധാനം പൂര്‍ണ്ണമായി തകര്‍ന്നതും പല സ്ഥലത്തും ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിയതും ലീഗിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. എങ്ങിനെയെങ്കിലും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷങ്ങള്‍ മുടക്കി പ്രവാസികളെ നാട്ടിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: