തിരുവനന്തപുരം: ‘ശ്രീനാരായണീയര്‍ തൊണ്ണൂറ് ശതമാനവും ഇടതുപക്ഷത്തിനേ വോട്ടുചെയ്യൂ. വെള്ളാപ്പള്ളിയുമായുള്ള സഹകരണം ബിജെപിക്ക് നഷ്ടക്കച്ചവടമാകും’- ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎം നേതാക്കളുടെ അവകാശവാദവും ആക്ഷേപവുമാണിത്. കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തലുകളും മറിച്ചായിരുന്നില്ല. പിന്നെന്തിനാണാവോ പ്രചാരണത്തിന്റെ കുന്തമുന ബിജെപിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ തിരിച്ചുവച്ചത്.
ഒരുമാസമായി നടന്നുവരുന്ന പ്രചാരണ കോലാഹലങ്ങള്‍ പരിശോധിച്ചാല്‍ ഇടതുപക്ഷം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ നിരത്തിവച്ചില്ല. വിലക്കയറ്റവും അഴിമതിയും പ്രചാരണത്തിന്റെ വെള്ളി വെളിച്ചത്തിലെത്തിയില്ല. അവയെല്ലാം കാണാമറയത്ത് നിര്‍ത്തി ബിജെപിക്കെതിരെയാണ് കൊണ്ടുപിടിച്ച പ്രചാരണം നടത്തിയത്.
കോണ്‍ഗ്രസ് മുന്നണിയും ചെയ്തത് അതുതന്നെ. മാര്‍ക്സിസ്റ്റുകാരാണ് മുഖ്യ എതിരാളികളെന്ന് ആദ്യം പ്രസ്താവിച്ച എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും പിന്നീടത് വിസ്മരിച്ചു. വി.എം.സുധീരനാകട്ടെ വെള്ളാപ്പള്ളി നടേശനെതിരെയാണ് നിറയൊഴിച്ചത്. അവസാനമായപ്പോഴും ഇടതും വലതും പ്രചാരണത്തിന്റെ വിഷയം കേന്ദ്രസര്ക്കാരിനെതിരെയായി- ഹിന്ദുവര്‍ഗീയതയും തീവ്രവാദവും വളര്‍ന്നു വരുന്ന അസഹിഷ്ണുതയുമായി. കേരളീയരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു, സ്വാതന്ത്ര്യത്തിന് വിലങ്ങുവയ്ക്കുന്നു, ബിജെപി ജയിച്ചാല്‍ ബീഫ് കഴിക്കാന്‍ അനുവദിക്കില്ല, അറവുശാലകള്‍ അടച്ചു പൂട്ടും എന്നൊക്കെ ന്യൂനപക്ഷ സമുദായക്കാര്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സംഘടിത പ്രചാരണം നടത്തി.
വിഎസ് അച്യുതാനന്ദന് ഒന്നുകൂടി കടത്തി പറഞ്ഞു.’ നരേന്ദ്രമോദി അമേരിക്കയില്‍ പോയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ആതിഥ്യം സ്വീകരിച്ച് ബീഫ് വെട്ടിവിഴുങ്ങി’ എന്നാണ് വച്ചുകാച്ചിയത്. 93 ലേക്ക് കടന്ന അച്യുതാനന്ദന് പ്രായത്തിന്റെ അവശതകള്‍പോലും മറന്ന് തന്നെ കുരിശിലേറ്റാന്‍ തീരമാനിച്ചുറപ്പിച്ച പാര്‍ട്ടിക്കുവേണ്ടി പിന്നോട്ടും മുന്നോട്ടും വളഞ്ഞും നീട്ടിയും കുറുക്കിയും ആവര്‍ത്തിച്ചും പ്രസംഗിക്കുന്നത് അസൂയാവഹം തന്നെയാണ്. എന്നാല്‍ യുക്തിക്കും ബുദ്ധിക്കും പ്രായത്തിനും നിരക്കാത്ത പ്രസ്താവന നടത്തുമ്പോള്‍ ‘ അയ്യോ കഷ്ടം’ എന്നാരും ചിന്തിച്ചുപോകും.
അമേരിക്കയില്‍ നരേന്ദ്രമോദി പോയി എന്നത് നേരാണ്. ഒബാമയുടെ അത്താഴവിരുന്നില്‍ ചെന്നു എന്നതും നേരാണ്. പക്ഷെ അന്ന് മോദിക്ക് വ്രതമായതിനാല്‍ ഭക്ഷണം കഴിച്ചില്ലെന്ന് മലയാളത്തില്‍ ഉള്‍പ്പെടെ എല്ലാ വാര്‍ത്താമാധ്യമങ്ങളിലും വന്നതാണ്. അച്യുതാനന്ദന് അത് വായിക്കാഞ്ഞതാണോ? അതോ ഓര്‍മ്മക്കുറവാണോ? എന്തായാലും വോട്ടര്‍മാരില്‍ ‘ച്ചെ’ എന്നു പറയിക്കാനേ അച്യുതാനന്ദന്റെ പല പ്രസ്താവനകളും സഹായിച്ചിട്ടുള്ളു.
വെള്ളാപ്പള്ളിയെയും മകനെയും അഴിയെണ്ണിക്കുമെന്ന വിഎസിന്റെ പ്രസ്താവനയ്ക്ക് വെള്ളാപ്പള്ളി നല്കിയ മറുപടി അച്ചട്ടായി. തന്നെ അഴിയെണ്ണിക്കുമെങ്കില് കൂട്ടത്തില്‍ വിഎസും മകനുമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി തുറന്നടിച്ചത്. അതിലേക്ക് വിരല്‍ ചൂണ്ടുന്നതായി വിഎസിന്റെ മകന് വി എ അരുണ്കുമാറിനെക്കുറിച്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത വിജിലന്‍സ് നടപടി.
ഏഴിന് ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റയാത്ര. ഈ മാസം 23ന് കാസര്‍ഗോഡ് മധൂറിലെ വിനായക ക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിക്കുന്നതാണ് യാത്ര. ഡിസംബര്‍ 5ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
കേരളത്തില്‍ സമഗ്രമായ മാറ്റത്തിന് നാന്ദി കുറിക്കുന്ന യാത്രയില്‍ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ മാത്രമല്ല നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമുദായാംഗങ്ങളുടെ പ്രാതിനിധ്യമുണ്ടാകുമെന്നത് യാത്രയുടെ പ്രത്യേകതയാണ്. കേരളത്തില്‍ ഇതിന് മുമ്പൊരു യാത്ര ഇങ്ങിനെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആ യാത്രയ്ക്ക് ആവേശവും കരുത്തും പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമാണ് നാളെ നടക്കുന്ന വോട്ടെടുപ്പ്.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാന്‍ തീരുമാനിച്ചുറപ്പിച്ച് അതിനായി കുപ്രചാരണങ്ങള്‍ നടത്തുന്ന ഇരുമുന്നണികള്‍ക്കും നല്കുന്ന കരുത്തുറ്റ താക്കീതായി മാറ്റാന്‍ വമ്പിച്ച തോതില്‍ വോട്ടവകാശം വിനിയോഗിക്കേണ്ടതുണ്ട്. ബിജെപി നയിക്കുന്ന മൂന്നാം മുന്നണിക്ക് അമ്പരപ്പിക്കുന്ന വോട്ടുലഭിച്ചാല്‍ വെള്ളാപ്പള്ളിയുടെ പിന്നില്‍ അണികളില്ലെന്ന് പരിഹസിക്കുന്നവര്‍ക്ക് നല്കാവുന്ന കനത്ത പ്രഹരമാകും. സമഗ്രമാറ്റം ആഗ്രഹിക്കുന്ന സര്‍വ്വമാന ജനങ്ങളും അതിന് തയ്യാറെടുത്തുകഴിഞ്ഞു.
ഏഴു ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ എസ്എന്‍ഡിപിയുടെ സഹകരണം ഫലപ്രദമായെന്ന് ബിജെപി പ്രസിഡന്റ് വി.മുരളീധരന് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ബിജെപിക്ക് നല്ല മുന്നേറ്റത്തിന് വോട്ടെടുപ്പ് വഴിവച്ചു എന്ന് വെള്ളാപ്പള്ളിയും പ്രസ്താവിച്ചു. എല്ലാ സമുദായത്തില്‍പ്പെട്ടവരും ബിജെപി യോടൊപ്പം നിന്നു എന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. നാളെയും അതു തന്നെ സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: