തൃശൂര്‍: താരസാന്നിദ്ധ്യം കൊണ്ട് പോളിംഗ് ബൂത്തുകള്‍ ശ്രദ്ധേയമായി. ചിലരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഒരു വോട്ടും മുടക്കാത്ത ജയരാജ് വാര്യര്‍ ദേവമാത സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എം.പി. കൂടിയായ ഇന്നസെന്റ് ഇത്തവണ വോട്ട് ചെയ്തില്ല. ചികിത്സാര്‍ത്ഥം അദ്ദേഹം ദല്‍ഹിയിലാണ്. മഞ്ജുവാര്യര്‍ ബാങ്കോക്കിലായതിനാല് വോട്ട് ചെയ്യാനായില്ല.
കലാഭവന്‍ മണിയും ഇത്തവണ വോട്ടു ചെയ്യാനെത്തിയില്ല. പക്ഷേ അപകടത്തില്‍പ്പെട്ട മകന് സിദ്ധാര്‍ത്ഥിനെ പരിചരിക്കുന്നതിനിടയിലും പ്രിയതാരം കെപിഎസിലളിത വോട്ടു ചെയ്യാന്‍ എങ്കക്കാട്ടുള്ള പോളിംഗ് ബൂത്തിലെത്തി. നടി ലിയോണ ലിഷോയ് കൂര്‍ക്കഞ്ചേരി എസ്എന്‍ ബോയ്സ് ഹൈസ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. നടന് സുനില്‍ സുഗത പടിഞ്ഞാറേകോട്ട സെന്റ് ആന്‍സ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.
വോട്ട് ചെയ്യുന്നതിനോട് താല്പര്യമില്ലാത്ത താരമാണ് ബിജുമേനോന്. അദ്ദേഹം എറണാകുളത്തെ ലൊക്കേഷനില്‍ ഷൂട്ടിംഗ് തിരക്കിലാണ്. നടി രചന നാരായണന്‍കുട്ടി ബാംഗ്ലൂരും റീമ കല്ലിങ്കല്‍ വിദേശത്തുമാണ്. ഇരുവരും വോട്ട് രേഖപ്പെടുത്തിയില്ല.
നടന് ശിവജി ഗുരുവായൂരിന് വോട്ടില്ല. വോട്ടേഴ്സ് ലിസ്റ്റിലെ പേരും ഇത്തവണ ഇല്ലാതായിരിക്കുന്നു. പേരുണ്ടായാലും വോട്ട് ചെയ്യാന്‍ താല്പര്യമില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
സിനിമയില്‍ നിരവധി രാഷ്ട്രീയ വേഷമണിഞ്ഞ അദ്ദേഹം 2 വട്ടമേ ഇതുവരെ വോട്ട് ചെയ്തിട്ടുള്ളൂ. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു ഇരിങ്ങാലക്കുടയിലും നടന് ഇര്‍ഷാദ് കേച്ചേരിയിലും വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും വോട്ട് മറക്കാത്ത വ്യക്തിയാണ് ഇര്‍ഷാദ്. എറണാകുളത്ത് ചികിത്സയിലുള്ള ഭര്‍ത്താവിനെ പരിചരിക്കുന്നതു മൂലം രമാദേവിക്ക് വോട്ടു ചെയ്യാനായില്ല. രാജസ്ഥാനിലായതിനാല്‍ നടി ലെനയ്ക്കും കോതമംഗലത്ത് ഷൂട്ടിംഗിലായതിനാല്‍ ഭാവനയ്ക്കും വോട്ട് ചെയ്യാനായില്ല.
പ്രേമം ഫെയിം അനുപമ പരമേശ്വരന് ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലാണ് തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ താരനിര വോട്ട് ചെയ്തും ചെയ്യാതെയുമിരിക്കുമ്പോള് കന്നിവോട്ട് കാത്തിരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ജയശ്രീ. വിഐപി വോട്ടറായിരുന്ന മാള അരവിന്ദന്റെ ഓര്‍മ്മകളില്‍ നിറഞ്ഞാണ് മാള ചക്കാംപറമ്പ് ഡോ.പപ്പു മെമ്മോറിയല്‍ എല്‍.പി. സ്കൂളില്‍ വോട്ടെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: