കൊച്ചി: തെരഞ്ഞടുപ്പ് പരാജയം യുഡിഎഫില്‍ നേതൃമാറ്റം എന്ന ആവശ്യത്തിന് കരുത്ത് പകരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും നില ഇതിലും പരുങ്ങലിലാവും എന്ന അഭിപ്രായമാണ് ചില കോണുകളില്‍ നിന്നുയരുന്നത്. ഐ ഗ്രൂപ്പ് നേതൃത്വം പരസ്യമായി ഇക്കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം.തൊലിപ്പുറമേയുള്ള ചികിത്സ കൊണ്ട് കാര്യമില്ല. നേതൃമാറ്റം ആവശ്യമെങ്കില്‍ അത് ഹൈക്കമാന്റിന് തീരുമാനിക്കാം എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും അടിയൊഴുക്കുകളുമാണ് തോല്‍വിക്ക് കാരണമെന്ന് എ.കെ ആന്റണിയും വ്യക്തമാക്കുന്നു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും പരോക്ഷമായി ഇന്നലെ നേതൃമാറ്റം അനിവാര്യമാണെന്ന സൂചന നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ നേതൃമാറ്റം എന്ന ആവശ്യമുയര്‍ത്തി രംഗത്ത് വന്നേക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തന്നെ അദ്ദേഹത്തിനെതിരായ ആയുധമാക്കാനൊരുങ്ങുകയാണ് ഐ ഗ്രൂപ്പ്.
ആരോപണ വിധേയനായ മന്ത്രി കെ.എം മാണിക്കെതിരെയും കോണ്‍ഗ്രസില്‍ വികാരം ശക്തമാണ്. മാണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടിരുന്നുവെങ്കില്‍ ഇത്രയും വലിയ പരാജയം നേരിടേണ്ടിവരില്ലായിരുന്നുവെന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നേതാക്കള്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് മാണിയുടെ രാജി അനിവാര്യമാണെന്നും ഇവര്‍ വാദിക്കുന്നു.
പാലയിലെ നേരിയ വിജയം ചൂണ്ടിക്കാണിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ച മാണിക്ക് കോണ്‍ഗ്രസ്സ് നേതാക്കളുടെ ശകാരം ഏറ്റുവാങ്ങേണ്ടിവന്നു. പാലായല്ല കേരളം എന്നായിരുന്നു ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ മറുപടി. മുസ്ലീം ലീഗ് നേതൃത്വവും മാണി രാജിവക്കുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചന. ബാര്‍ കോഴ വിഷയം ഉടന്‍ മുന്നണി പരിഗണിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞത്.
മാണിയെ അനുനയിപ്പിച്ച് രാജിവാങ്ങുന്നതിനാകും നേതൃത്വത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമാകും നേതൃത്വം നടത്തുക.
















