തൃശൂര്‍: സാംസ്കാരിക തലസ്ഥാനത്ത് ബിജെപിയുടെ കുതിച്ചുചാട്ടം. ജില്ലയില്‍ കോര്പ്പറേഷന് മുനിസിപ്പാലിറ്റി, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്.
ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായി പോരാടിയാണ് ഈ വിജയം. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളില്‍ 36 സീറ്റടക്കം വെറും 52 പ്രതിനിധികളെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ച ബിജെപി ഇത്തവണ 142 പേരെയാണ് വിജയിപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന രണ്ട് സീറ്റ് ഇത്തവണ ആറാക്കി ഉയര്‍ത്താനും തുലാസിലായ കോര്‍പ്പറേഷനിലെ നിര്‍ണായക ശക്തിയാകുവാനും ബിജെപിക്ക് സാധിച്ചു.
കോര്പ്പറേഷന് മാത്രം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 24000 വോട്ടുകള്‍ നേടുവാനും ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ തവണ വെറും 9500 വോട്ടുമാത്രമാണ് ബിജെപിക്കു ഉണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി ഒരു പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനും ബിജെപിക്ക് കഴിഞ്ഞു. അവിണിശ്ശേരി പഞ്ചായത്തിലാണ് ബിജെപി ഇത്തവണ ഭരണം നടത്തുക. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും വിജയം കൈവരിക്കാന്‍ ഇത്തവണ സാധിച്ചു.
കഴിഞ്ഞ തവണ മുനിസിപ്പാലിറ്റികളില്‍ 14 സീറ്റുമാത്രമുണ്ടായിരുന്നത് 29 ആയി. ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകളില്‍ നിര്‍ണായക ഘടകമായി. 142 സീറ്റ് കരസ്ഥമാക്കി ഇരുന്നൂറോളം സീറ്റുകളില്‍ രണ്ടാംസ്ഥാനത്ത് എത്തുവാനും ബിജെപിക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറാട്ടുപുഴ ഡിവിഷനിലും പാലയ്ക്കല്‍ ഡിവിഷനിലുമാണ് ബിജെപി വിജയം നേടിയത്. നഗരസഭകളില്‍ ചാവക്കാട് നഗരസഭ ഒഴിച്ച് എല്ലായിടത്തും ബിജെപി പ്രതിനിധികള്‍ സ്ഥാനം നേടി. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ തവണ ആറ് കൗണ്സിലര്മാരുണ്ടായിരുന്നത് ഇത്തവണ 16 ആയി വര്‍ദ്ധിപ്പിക്കുവാനും കുന്നംകുളത്ത് അഞ്ചില്‍ നിന്നും ഏഴിലേക്ക് ഉയരുവാനും കഴിഞ്ഞു.
പല സ്ഥലങ്ങളിലും സിപിഎം, കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയുടെ കൂടുതല്‍ സീറ്റ് നേടാനുള്ള ശ്രമത്തിന് തടസ്സമായത്. പലസ്ഥലങ്ങളിലും ഇവര്‍ ഒത്തുകളിച്ച് ബിജെപിയുടെ വിജയം തടയുകയായിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ മാത്രം മൂന്നു സീറ്റുകളാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുമൂലം ബിജെപിക്ക് നഷ്ടമായത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തോടുകൂടി വിജയിച്ച യുഡിഎഫ് ഇത്തവണ തകര്‍ന്നടിഞ്ഞു.
47 സീറ്റുണ്ടായിരുന്നത് 21 ആയി കുറയുകയായിരുന്നു. വരന്തരപ്പിള്ളി, വല്ലച്ചിറ, ചേര്‍പ്പ്, എടവിലങ്ങ്, പാഞ്ഞാള്‍, വാടാനപ്പിള്ളി തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ ബിജെപി ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മുന്‍കാലങ്ങളില്‍ ഒറ്റ അംഗങ്ങള്‍ പോലും ഇല്ലാതിരുന്ന പഞ്ചായത്തുകളില്‍ പോലും ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: