കൊട്ടാരക്കര: നഗരസഭയില്‍ തകര്‍ന്നടിഞ്ഞ് പിള്ള പാര്‍ട്ടി. നിലവിലെ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്റ് ഉള്‍പ്പടെ പ്രമുഖര്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല എട്ട് സീറ്റില്‍ മത്സരിച്ച പിള്ളക്ക് രണ്ട് സീറ്റ് മാത്രമേ നേടാനുമായുള്ളൂ. നഗരസഭാ‘ഭരണം 29ല്‍ 18 സീറ്റ് നേടി എല്‍ഡിഎഫ് പിടിച്ചപ്പോള്‍ മുന്‍ ഭരണകക്ഷി രണ്ട് സീറ്റില്‍ ഒതുങ്ങിയത് പിള്ളക്ക് എല്‍ഡിഎഫ് പിന്തുണ കൊട്ടാരക്കരയില്‍ നല്കിയില്ലന്നതിന് തെളിവായി.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജേക്കബ്ബ് വര്‍ഗീസ് വടക്കടത്ത്, ജില്ലാ പ്രസിഡന്റ് പൊടിയന് വര്‍ഗീസ് എന്നിവരാണ് തോറ്റ പ്രമുഖര്‍. പിള്ളയുടെ സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് തോല്പിക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്ന് കഴിഞ്ഞു. ഇവര്‍ ജയിച്ച് കഴിഞ്ഞാല്‍ നഗരസഭാ‘ഭരണത്തില്‍ അവകാശവാദമുന്നയിക്കുമെന്ന് പിള്ള തന്നെ സൂചന നല്‍കിയിരുന്നു. ഇതാണ് എല്‍ഡിഎഫ് മേല്‍ക്കോയ്മ നിലനിര്‍ത്തിയപ്പോഴും പിള്ളയുടെ സ്ഥാനാര്‍ത്ഥികള്‍ മാത്രം തോല്ക്കാന് കാരണം.
ഉമ്മന്നൂരില്‍ നാല് സീറ്റില്‍ മത്സരിച്ചെങ്കിലും ഇവിടെയും രണ്ട് സീറ്റില്‍ ഒതുങ്ങി. പല പഞ്ചായത്തിലും സീറ്റ് നല്‍കിയതുമില്ല. കുളക്കട പഞ്ചായത്തിലെ പുവറ്റൂരില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിച്ച സുരേന്ദ്രന് ജയിച്ചത് മാത്രമാണ് ഏക ആശ്വാസം. ഒറ്റയ്ക്ക് ഭരിക്കുവാന്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് പിള്ളയെ തള്ളുമോ അതോ കൊള്ളുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആസന്നമായതോടെ രാഷ്ട്രീയത്തിലെ ത്രിശങ്കുവിലാണിപ്പോള്‍ പിള്ളയുടെ പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: