ആലപ്പുഴ: രാഷ്ട്രീയ കേരളത്തിലെ പുതിയ പരീക്ഷണമായിരുന്ന ബിജെപി എസ്എന്‍ഡിപി സഖ്യം വിജയകരം. ആലപ്പുഴ അടക്കമുള്ള മദ്ധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഈ സഖ്യത്തിന് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. ജയിക്കുക മാത്രമല്ല, ശക്തമായ സ്വാധീനം പലവാര്‍ഡുകളിലും മുന്നണി കാഴ്ചവച്ചു. നിസ്സാര വോട്ടുകള്‍ക്കാണ് പല വാര്‍ഡുകളിലും പരാജയപ്പെട്ടത്.
ചേര്‍ത്തല നഗരസഭയിലടക്കം ബിജെപി എസ്എന്‍ഡിപി സഖ്യമായ സമത്വമുന്നണി നിരവധി വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി എസ്എന്‍ഡിപി സഖ്യം നേട്ടം കൊയ്തു. മാവേലിക്കര നഗരസഭയില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപിക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞു. കായംകുളത്തും ഏഴു കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് ബിജെപി ശക്തി തെളിയിച്ചു. ആലപ്പുഴ നഗരസഭയിലും എസ്എന്‍ഡിപി യുടെ പിന്തുണ ബിജെപിക്ക് ഗുണകരമായി.
എന്നാല്‍ ചില പഞ്ചായത്തുകളില്‍ ബിജെപി എസ്എന്‍ഡിപി ധാരണ പൂര്‍ണമായി വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പ്രാദേശിക തലത്തില്‍ വ്യക്തമായ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാതിരുന്നതാണ് ഇതിനു കാരണം. ബിജെപിയും എസ്എന്‍ഡിപിയുമായി സഖ്യമുള്ള ഇടങ്ങളിലും ബിജെപി ജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട വാര്‍ഡുകളിലും ഇടതു വലതു മുന്നണികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസും സിപിഎമ്മും വോട്ടുകള്‍ പരസ്പരം മറിച്ചു.
ബിജെപി നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്നെ വോട്ടിങ് ശതമാനത്തിന്റെ കണക്കുകള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. എസ്എന്‍ഡിപി ബിജെപി ധാരണ കാലേകൂട്ടിത്തന്നെ പ്രഖ്യാപിക്കുകയും താഴേത്തട്ടില്‍ സംയുക്ത കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തേതിലും വളരെ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഇരു സംഘടനാ നേതാക്കളും പറയുന്നു. എസ്എന്‍ഡിപി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സഖ്യത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തീരുമാനത്തിലാണ് എസ്എന്‍ഡിപി നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: