അനുപമമായ സ്ട്രെയ്റ്റ് ഡ്രൈവ് , സ്വത സിദ്ധമായ കവര്‍ ഡ്രൈവുകള്‍ , മനോഹരമായ പുള്ളുകള്‍ , തീവ്രമായ സ്ക്വയര്‍ കട്ടുകള്‍ , ഡാന്‍സിംഗ് ലോഫ്റ്റുകള്‍ വിരാട് കോഹ്ലിയെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നത് ലക്ഷണമൊത്ത ഷോട്ടുകളിലൂടെ മാത്രമല്ല സ്വതസിദ്ധമായ നിശ്ചയ ദാര്‍ഢ്യം കൊണ്ട് കൂടിയാണ് .
ഏകദിന, ട്വന്റി20 നായകനായി വിരാട് കോഹ്ലി നിയമിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റം പൂര്‍ണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ആവേശത്തിലാണ് അതേ ടീമിനെതിരെ നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ നയിക്കാന്‍ വിരാട് എത്തുന്നത്.
ധോണിയില്‍ നിന്ന് വ്യത്യസ്തനായി വികാരങ്ങള്‍ മൈതാനത്ത് പ്രകടിപ്പിക്കുന്ന വിരാട്, ടെസ്റ്റില്‍ കൈയിലുള്ള വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ കേമനെന്നു തെളിയിച്ചു. എന്നാല്‍, തീര്‍ത്തും വ്യത്യസ്തമായ ഏകദിന, ട്വന്റി20യില്‍ അതെങ്ങനെയെന്നാകും കാണേണ്ടത്. ഈ രണ്ടു ഫോര്‍മാറ്റിലും ഇന്ത്യയുടെ സമീപകാല വിജയങ്ങള്‍ക്കു പിന്നില്‍ ധോണിക്കു കീഴില്‍ ഉപനായകനായിരുന്ന ഈ ദല്‍ഹിക്കാരന്റെ മികവുണ്ട്. പ്രത്യേകിച്ച് ടീം റണ്‍ പിന്തുടരുമ്പോള്.
ട്വന്റി20യില്‍ ഇതുവരെ ടീമിനെ നയിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ 17ല്‍ നായകനായി. 14ല്‍ ജയം. 2013 ജൂലായ് മുതല്‍ 2014 നവംബര്‍ വരെ എം.എസ്. ധോണി ടീമില്‍ നിന്ന് വിട്ടു നിന്നപ്പോഴാണിത്. 176 ഏകദിനങ്ങളില്‍ 7,570 റണ്‍സ് നേടി വിരാട്. 26 സെഞ്ചുറി, 38 അര്‍ധ സെഞ്ചുറി. ശരാശരി 52.93. ഉയര്‍ന്ന സ്കോര്‍ 183. 45 ട്വന്റി20യില്‍ 16 അര്‍ധ സെഞ്ചുറിയടക്കം 1,657 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ 90. ശരാശരി 57.13.
അതെ വിരാട് കോഹ്ലി വളരുകയാണ് . സ്വതസിദ്ധമായ നിശ്ചയ ദാര്‍ഢ്യവും അദ്വിതീയമായ പോരാട്ട വീര്യവും ഒപ്പം അനുപമമായ കേളീശൈലിയും സമന്വയിപ്പിച്ച് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: