കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൗസ്‌സര്‍ജന്‍സി ചെയ്യുന്ന മെഡിക്കോസ് മുന്‍ കലാതിലകം ഡോ പാര്‍വണ എസ്. വിനോദ് കലോത്സവവേദിയിലെത്തി. സ്വന്തം നാട്ടില്‍ നടക്കുന്ന കലോത്സവം കാണാന്‍ തിരക്കുകള്‍ മാറ്റിവച്ച് ഓടിയെത്തുകയായിരുന്നു പാര്‍വണ. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഗൗരീ ശങ്കരത്തില്‍ ആര്‍.എസ്. വിനോദിന്റെ മകളാണ്.
തിരുവനന്തപുരത്തു നടന്ന 49- ാമത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്തത്തിന് എ ഗ്രേഡും ഒന്നാംസ്ഥാനവും സമൂഹനൃത്തം, തിരുവാതിര എന്നിവയില്‍ എ ഗ്രേഡും നേടിയിരുന്നു. എന്നാല്‍ അന്നുണ്ടായിരുന്ന ആവേശം ഇന്ന് ഇവിടെ കാണാനായില്ലെന്ന് പാര്‍വണ പറഞ്ഞു. വാശിയോടെയുള്ള വെറും മത്സരം മാത്രമായി കലോത്സവം മാറിയെന്നുമാണ് പാര്‍വണയുടെ പരാതി. ഇന്ന് രക്ഷിതാക്കളുടെയും ഗുരുക്കന്മാരുടെയും സ്വാധീനം മാത്രമായി കലോത്സവം ചുരുങ്ങി. വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതിനാല്‍ അര്‍ഹരായവര്‍ പലരും തഴയപ്പെടുന്നുമുണ്ട്.
10-ാം ക്ലാസിലും നാടോടിനൃത്തത്തിന് പാര്‍വണയ്‌ക്ക് എഗ്രേഡ് ലഭിച്ചിരുന്നു. പാര്‍വണ എംബിബിഎസിനു ചേര്‍ന്നെങ്കിലും നൃത്തം ഉപേക്ഷിച്ചില്ല. മെഡിക്കോസ് കലോത്സവങ്ങളിലും പാര്‍വണ സജീവമായി. 2011 ല്‍ നടന്ന ഇന്റര്‍ മെഡിക്കോസ് കലോത്സവത്തില്‍ നാടോടിനൃത്തത്തിന് രണ്ടാം സ്ഥാനവും പ്രച്ഛന്നവേഷത്തിന് ഒന്നാം സ്ഥാനവും സോളോ ഡാന്‍സിന് രണ്ടാം സ്ഥാനവും ഡാന്‍സിംഗ് ഓണ്‍ ദ ഫ്‌ളോറിന് മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു.
2012 ല്‍ കുഹാസ് ഫെസ്റ്റിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. 2014 ല്‍ നടന്ന മെഡിക്കോസില്‍ കലാതിലകവുമായി. നാടോടിനൃത്തം, ഫാന്‍സിഡ്രസ്, സോളോ ഡാന്‍സ്, കുച്ചുപ്പുടി എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് ലഭിച്ചു. എന്തായാലും കലോത്സവം മുഴുവന്‍ കണ്ടിട്ടേ രോഗികള്‍ക്കടുത്തേക്കു മടങ്ങുന്നുള്ളൂ എന്നാണ് പാര്‍വണയുടെ നിലപാട്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് വീണ്ടും നൃത്തം അഭ്യസിക്കാനൊരുങ്ങുകയാണ് ഈ ഡോക്ടര്‍ നര്‍ത്തകി.
















