എണ്‍പത്തി അഞ്ചിന്റെ അവശതകളൊന്നും കുഞ്ഞമ്പു നായര്‍ വകവച്ചില്ല. പ്രയം മറന്ന് കുഞ്ഞമ്പു നായര്‍ തലസ്ഥാനത്തേക്ക് വണ്ടി കയറിയത് കൊച്ചുമക്കളുടെ കലാ പ്രകടനം ആസ്വദിക്കാനായിരുന്നു. ആറു പതിറ്റാണ്ട് കാലം അമച്വര്‍ നാടക രംഗത്ത് സജീവസാന്നിദ്യമായിരുന്നു കാസര്‍കോഡ് പരപ്പ പ്രതിഭാനഗര്‍ പള്ളിക്കൈ ഹൗസില്‍ കുഞ്ഞമ്പു നായരെന്ന പള്ളിക്കൈ കുഞ്ഞമ്പു. രണ്ടു വര്‍ഷം മുന്‍പ് വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ‘കുഞ്ഞിരാമന്‍ ‘ എന്ന നാടകത്തില്‍ പെണ്‍വേഷം കെട്ടി പ്രായം അഭിനയത്തിന് തടസമല്ലെന്ന് കുഞ്ഞമ്പു നായര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.
കൊച്ചുമക്കളായ സൂര്യതേജസും ആര്യജ്യോതിസും സംസ്ഥാന കലോത്സവത്തില്‍ കഥകളി സംഗീതത്തിനും കാവ്യകേളിക്കും മത്സരിക്കാനെത്തിയപ്പോള്‍ കുഞ്ഞമ്പു നായരും ഒപ്പം കൂടുകയായിരുന്നു. ചായിയോത്ത് ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സൂര്യതേജസ് കഥകളി സംഗീതത്തില്‍ എ ഗ്രേഡ് നേടി. പരപ്പ ജി എച്ച് എസ് എസില്‍ ഒന്‍പതാം ക്ലാസുകാരിയായ ആര്യജ്യോതിസിന് കാവ്യകേളിയില്‍ ബി ഗ്രേഡാണുള്ളത്. കുഞ്ഞമ്പു നായരുടെ മകനും ആര്‍ എസ് എസ് പനത്തടി താലൂക്ക് പ്രചാരകനും പ്ലാച്ചിക്കര ഗവ. യുപി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനുമായ കുഞ്ഞികൃഷ്ണന്റെയും പരപ്പ ഗവ. ഹൈസ്‌കൂളിലെ ശാസ്ത്ര അദ്ധ്യാപിക കോമളവല്ലിയുടേയും മക്കളാണ് സൂര്യതേജസും ആര്യജ്യോതിസും.
















