പന്ത്രണ്ട് മണിക്കൂര്‍ യാത്രയുടെ ക്ഷീണം. നാടകത്തലേന്ന് തിരുവന്തപുരത്തെ ഹോട്ടലു പറ്റിച്ച പണിയില്‍ വയറിന് സുഖമില്ലാതെ പ്രധാന നടന് കിടപ്പിലുമായപ്പോള് കണ്ണൂര്‍ സെന്റ് മേരീസ് സ്കൂളില്‍ നിന്നെത്തിയ നാടക സംഘം തളര്‍ന്നു. ക്ഷീണം വക വയ്ക്കാതെ ഹരിഗോവിന്ദ് സുമേഷായി അരങ്ങില്‍ പരകായ പ്രവേശം നടത്തി.
വേഷപ്പകര്ച്ചകൊണ്ട് അരങ്ങില്‍ നിറഞ്ഞ ഉമേഷിനെ നിറഞ്ഞ സദസ് കയ്യടിയോടെ എതിരേറ്റു. ചിരിയും ചിന്തയും പടര്‍ത്തി സാങ്കേതിക മികവോടെ അവതരിപ്പിക്കപ്പെട്ട ‘സുമേഷ്’ ഹയര്‍സെക്കന്ററി വിഭാഗത്തിലെ മികച്ച നാടകമായി. ഹരിഗോവിന്ദ് മികച്ച നടനും. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് എച്ച്എസ്എസ് അവതരിപ്പിച്ച ‘പ്രിയപ്പെട്ട ഷോലെഹ്’ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഈ നാടകത്തില്‍ റെയ്ഹാന ജബാരിയായി വേഷമിട്ട മേഘയാണ് മികച്ച നടി.
ജിനോ ജോസഫിന്റെ സംവിധാനത്തില്‍ സെന്റ് മേരീസ് സ്കൂളും ഹരിഗോവിന്ദും സ്കൂള്‍കലോത്സവത്തില്‍ ഒന്നാമതാകുന്നത് ഇതാദ്യമായല്ല. മൂന്നാം തവണയാണ് ഹരിയും സ്കൂളും നേട്ടം കൈവരിച്ചിരിക്കുന്നത്. പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഹരി. അച്ഛന് രവീന്ദ്രന് വിദേശത്താണ്. അമ്മ പ്രമീള കണ്ണൂര്‍ അമല ആശുപത്രിയില്‍ അക്കൗണ്ടന്റും. നാടകത്തോടുള്ള തന്റെ അഭിനിവേശത്തിന് അച്ഛനും അമ്മയും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് ഹരി പറയുന്നു.
പറോട്ട, സുല്ല, മാങ്ങാണ്ടി എന്നിവയാണ് ജിനോ ജോസഫിന്റെ സംവിധാനത്തില്‍ മികച്ച നേട്ടം കൈവരിച്ച മറ്റ് നാടകങ്ങള്‍. ഒരു ദിനരാത്രം മുഴുനീളെ നീണ്ടുനിന്ന നാടക പോരാട്ടങ്ങളില്‍ 21 നാടകങ്ങളെ പിന്നിലാക്കിയാണ് സുമേഷ് എന്ന നാടകം മുന്നിലെത്തിയത്. മികച്ച നാടകം, മികച്ച നടന് സമ്മാനങ്ങള്‍ വാരിക്കൂട്ടിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് സംവിധായകനും അഭിനേതാക്കളും.
പങ്കെടുത്ത ടീമില്‍ തങ്ങള്‍ക്ക് മാത്രം ബി ഗ്രേഡ് നല്‍കിയതില്‍ തിരുവന്തപുരം കോട്ടണ്‍ഹില്‍ ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. മത്സരത്തിലെത്തിയ നാടകങ്ങളില്‍ പലതിനും നിലവാരത്തകര്‍ച്ച ഉണ്ടായിട്ടും കോട്ടണ്‍ഹില്‍ സ്കൂളിന് മാത്രം ബി ഗ്രേഡ് നല്കിയ വിധിനിര്ണയത്തിനെതിരെയാണ് മത്സരാര്‍ത്ഥികള്‍ വേദി കൈയേറിയത്. രാവിലെ 4.50ന് ഫലപ്രഖ്യാപനത്തിന് ശേഷമായിരുന്നു സംഭവം. തങ്ങള്‍ക്ക് ബി ഗ്രേഡ് നല്‍കിയതിന് കാരണമെന്താണെന്ന് വിധികര്‍ത്താക്കള്‍ വ്യക്തമാക്കണമെന്ന് മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം വിവാദമായതോടെ വിധി കര്‍ത്താക്കളും സംഘാടകരും വേദി വിട്ടു. തുടര്‍ന്ന് കുട്ടികള്‍ വേദിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: