തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ അഞ്ചാം ദിനത്തില്‍ വേദികളിലെല്ലാം ജനത്തിരക്കായിരുന്നു. പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ മുതര്‍ തിരക്കനുഭവപ്പെട്ടു. സംഘ നൃത്തവും ഒപ്പനക്കും വേദി നിറഞ്ഞ് ആസ്വാദകര്‍.
ആദ്യ ദിനങ്ങളില്‍ കാമികള്‍ വേദികളിലേക്കെത്താന്‍ മടിച്ചു നിന്നെങ്കിലും ഇന്നലത്തെ തിരക്ക് കലോല്‍സവത്തെ ജനകീയ ഉത്സവമാക്കി മാറ്റി. വൈകുന്നേരമായപ്പോഴേക്കും പ്രധാനവേദിയിലേക്ക് തിരുവനന്തപുരത്തെ പൗരാവലി ഒഴുകിയെത്തുകയായിരുന്നു. വേദിയില്‍ സംഘ നൃത്തം വര്‍ണ്ണങ്ങള്‍ നിറച്ചപ്പോള്‍ സമീപത്ത് ദൃശ്യ മാധ്യമങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ വേദികളിലെ സെലിബ്രിറ്റികളുടെ പ്രകനടങ്ങള്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി.
192 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടത്തില്‍ 768 പോയിന്റുമായി കോഴിക്കോട് മുന്നേറുന്നു. 761 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നില്‍ നില്‍ക്കുമ്പോള്‍ 754 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്ത് തുടരുന്നു. അതിഥേയരായ തിരുവനന്തപുരത്തിന് ഒമ്പതാം സ്ഥാനമാണ്. ചില്ലറ അസ്വാരസ്യങ്ങള്‍ക്കും അഞ്ചാം ദിനം സാക്ഷിയായി.
നാടക മത്സരത്തിലെ വിധി നിര്‍ണ്ണയത്തിലെ അപാകത സമരത്തിലേക്ക് നയിച്ചു. മികച്ച പ്രകടനം കാഴ്ച വച്ച നാടകത്തിന് ബി ഗ്രേഡ് നല്‍കി എന്ന് ആരോപിച്ചാണ് വേദിക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ തിരികെ അയച്ചു. കൂടിയാട്ടം വേദിയില്‍ പിഎസ്‌സി പരീക്ഷ നടത്തിയതിനെ തുടര്‍ന്ന് മത്സരം നിറുത്തി വയ്‌ക്കേണ്ടിവന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കി.
















